നടി കല്‍പനയുടെ മകള്‍ അഭിനയരംഗത്തേക്ക്, ആദ്യ ചിത്രം ഉര്‍വശിക്കൊപ്പം

മലയാളം ഒരിക്കലും മറക്കാത്ത നടി കല്‍പനയുടെ മകള്‍ ശ്രീസംഖ്യ അഭിനയരംഗത്തേക്ക്. അമ്മയുടെ അനിയത്തി ഉര്‍വശിക്കൊപ്പമാണ് ശ്രീസംഖ്യ ആദ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. വിന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇക്കഴിഞ്ഞ ചിങ്ങം ഒന്ന് വ്യാഴാഴ്ച്ച അടൂരില്‍ ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമായത്. ഉര്‍വ്വശിയാണ് ആദ്യ രംഗത്തില്‍ അഭിനയിച്ചത്.
സ്‌കൂള്‍ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഏതാനും പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ സൗഹൃദത്തിന്റേയും ബന്ധങ്ങളുടേയും കഥ നര്‍മ്മത്തിന്റെയും ത്രില്ലറിന്റെയും ഘടകങ്ങള്‍ കോര്‍ത്തിണത്തി പറയുകയാണ്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്ദുലേഖ ടീച്ചര്‍ എന്ന കഥാപാത്രത്തെയാണ് ഉര്‍വ്വശി അവതരിപ്പിക്കുന്നത്. ഏറെ അഭിനയസാധ്യതകളുള്ള അതിശക്തമായ ഒരു കഥാപാത്രമാണ് ഇന്ദുലേഖ ടീച്ചര്‍. ഫുട്‌ബോള്‍ പരിശീലക സ്മൃതി എന്ന കഥാപാത്രത്തെയാണ് ശ്രീ സംഖ്യ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ നിര്‍ണ്ണായകമായ ഒരു കഥാപാത്രമാണ് സ്മൃതി. തന്റെ അരങ്ങേറ്റം ചിറ്റമ്മക്കൊപ്പമായത് ഏറെ സന്തോഷമുണ്ടന്ന് ശ്രീ സംഖ്യ പറഞ്ഞു.

നിരവധി മിനി സ്‌ക്രീന്‍ പരമ്പരകളിലൂടെയും പിന്നീട് ബിഗ് സ്‌ക്രീനിലും പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ ജയന്‍ ചേര്‍ത്തലയെന്ന പേരില്‍ അറിയപ്പെടുന്ന രവീന്ദ്ര ജയന്‍ ആണ് ചിത്രം ഒരുക്കുന്നത്. ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ജോണി ആന്റണി, രണ്‍ജി പണിക്കര്‍, മധുപാല്‍, സോഹന്‍ സീനു ലാല്‍, അരുണ്‍ ദേവസ്യ, വി.കെ. ബൈജു, കലാഭവന്‍ ഹനീഫ്, ബാലാജി ശര്‍മ്മ, മീരാ നായര്‍, മഞ്ജു പത്രോസ്, എന്നിവര്‍ക്കൊപ്പം ബാലതാരങ്ങളായ ഗോഡ് വിന്‍, അജീഷ, മൃദുല്‍, ശ്രദ്ധാ ജോസഫ്, അനുശ്രീ പ്രകാശ്, ആല്‍വിന്‍, ഡിനി ഡാനിയേല്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

 

Latest News