കൊച്ചി-ആരാധകരില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ആരാധകര്‍ തന്നെ അപ്രതീക്ഷിതമായി ചുംബിച്ചതിനെക്കുറിച്ചും അനാവശ്യമായി ദേഹത്ത് തൊട്ടതിനെക്കുറിച്ചുമൊക്കെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോള്‍.
ഫോട്ടോയെടുക്കുന്നതിനിടയില്‍ പ്രായമായ സ്ത്രീ തന്റെ പിന്‍ഭാഗത്ത് അമര്‍ത്തിപ്പിടിച്ചെന്നും അവര്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും നടന്‍ പറയുന്നു. ഒരു സ്റ്റേജില്‍ വച്ചായിരുന്നു സംഭവം. ആ സ്ത്രീ അങ്ങനെ ചെയ്തപ്പോള്‍ നന്നായി വേദനിച്ചു. നിരവധി പേര്‍ അവിടെയുണ്ടായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.
എവിടെയാണ് കൈകള്‍ വയ്ക്കേണ്ടതെന്ന് പലര്‍ക്കും അറിയില്ല. ചിലര്‍ നമ്മുടെ പിന്നിലായിരിക്കും അവരുടെ കൈകള്‍ വയ്ക്കുക. ഫോട്ടോയെടുക്കുമ്പോള്‍ ചിരിക്കാന്‍ ശ്രമിക്കുമെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന അമ്പരപ്പുണ്ടാകും. എങ്ങനെ ഇതില്‍ നിന്ന് രക്ഷപ്പെടാമെന്നറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഒരു സ്ത്രീ അപ്രതീക്ഷിതമായി തന്റെ കവിളില്‍ ചുംബിച്ചെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.