Sorry, you need to enable JavaScript to visit this website.

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിനിടെ മന്ത്രിക്ക് പാമ്പു കടിയേറ്റു

ചണ്ഡീഗഡ്- വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മന്ത്രിക്ക് പാമ്പ് കടിയേറ്റു. പഞ്ചാബിലെ രൂപ്നഗർ ജില്ലയിലെ ആനന്ദ്പൂർ സാഹിബിലെ വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനിടെയാണ് പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയ്ൻസിന് കടിയേറ്റത്. ഓഗസ്റ്റ് 15 ന് രാത്രിയാണ് പാമ്പ് കടിച്ചതെന്നും ഇപ്പോൾ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടതായും ബെയിൻസ് പറഞ്ഞു. കനത്ത മഴയെ തുടർന്ന് പോങ്, ഭക്ര അണക്കെട്ടുകളിൽ നിന്ന് അധികജലം തുറന്നുവിട്ടതിനെ തുടർന്ന് പഞ്ചാബിലെ രൂപ്നഗർ, ഗുരുദാസ്പൂർ, ഹോഷിയാർപൂർ, കപൂർത്തല, ഫിറോസ്പൂർ ജില്ലകളിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.

രണ്ട് റിസർവോയറുകളിൽ നിന്നും അധികജലം തുറന്നുവിട്ടതിനെ തുടർന്ന് ബിയാസ്, സത്‌ലജ് നദികളിലെ ജലനിരപ്പ് ഉയർന്നതോടെ തീരപ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. രൂപ്നഗറിലെ ഹർസ ബേല, ഭലൻ, ഭനം, ആനന്ദ്പൂർ സാഹിബിലെയും നംഗലിലെ ബേല എന്നിവയുൾപ്പെടെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. തന്റെ മണ്ഡലമായ ആനന്ദ്പൂർ സാഹിബിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയതായിരുന്നു ബെയിൻസ്.


'ദൈവകൃപയാൽ, എന്റെ നിയോജക മണ്ഡലമായ ആനന്ദ്പൂർ സാഹിബിലെ വെള്ളപ്പൊക്ക സാഹചര്യം ഇപ്പോൾ മെച്ചപ്പെട്ടിരിക്കുന്നു. എക്‌സ് പ്ലാറ്റ്‌ഫോമിൽ ബെയ്ൻസ് പറഞ്ഞു. 'രക്ഷാപ്രവർത്തനത്തിനിടെ, ഒരു വിഷമുള്ള പാമ്പ് എന്നെ കടിച്ചു, പക്ഷേ അത് എന്റെ ആളുകളെ സഹായിക്കാനുള്ള എന്റെ ദൃഢനിശ്ചയത്തെ തടഞ്ഞില്ല. 'ദൈവകൃപയും ആളുകളുടെ സ്‌നേഹവും അനുഗ്രഹവും കൊണ്ട്, ഞാൻ ഇപ്പോൾ സുഖമായിരിക്കുന്നു. വിഷത്തിന്റെ ശക്തി കുറയുന്നു-അദ്ദേഹം പറഞ്ഞു.
 

Latest News