ഇംഫാല്‍-മണിപ്പുരില്‍ മൂന്ന് കുക്കി വിഭാഗക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് കുക്കി വിഭാഗം രംഗത്ത് വന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം.സംസ്ഥാനത്ത് കേന്ദ്ര സേനയുടെ പരിശോധനകള്‍ ശക്തമാക്കണമെന്ന് കുക്കി വിഭാഗം ആവശ്യപ്പെട്ടിരുന്നു. പലയിടത്തും മണിപ്പുര്‍ പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതുകൊണ്ടാണ് സംഘര്‍ഷം ഉണ്ടാകുന്നതെന്നും കുക്കി സംഘടനയായ ഐടിഎല്‍എഫ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
ഉക്രുവിലെ തോവായില് വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവയ്പ്പിലാണ് മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടത്. ആയുധധാരികളായ ഒരു സംഘം ആളുകള്‍ ഗ്രാമത്തിന് കാവല്‍ നിന്നവരുടെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇരുകൂട്ടരും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ നടന്നിരുന്നു. സംഘര്‍ഷത്തിന് പിന്നാലെ പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉള്‍ഗ്രാമമായതിനാല്‍ വെടിവയ്പ്പ് നടന്ന സമയത്ത് ഇവിടെ സുരക്ഷാസേനയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. മൃതദേഹങ്ങൾ വികൃതമാക്കിയെന്നും കുക്കി വിഭാഗം ആരോപിച്ചിരുന്നു.