Sorry, you need to enable JavaScript to visit this website.

ചികിത്സയുടെ മറവില്‍ ലൈംഗിക ചൂഷണം, ഭീഷണി; ബാബ അമര്‍പുരിയുടെ 'പൂജാമുറിയില്‍' നടന്നത് 

ചണ്ഡീഗഡ്- അറുപതോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച് വിഡിയോ പകര്‍ത്തുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത ഹരിയാനയിലെ പൂജാരി ബാബ അമര്‍പുരിയുടെ അന്തപുര രഹസ്യങ്ങള്‍ പുറത്ത്. താന്‍ ഇരകളാക്കിയ സ്ത്രീകളെ ബലാല്‍സംഗം ചെയ്തതിനു പുറമെ പീഡന ദൃശ്യങ്ങള്‍ കാട്ടി ഇയാള്‍ സമ്പന്ന സ്ത്രീകളില്‍ നിന്നും പണം തട്ടിയിരുന്നതായും പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഇവരില്‍ പലരേയും വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി പല തവണ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നതായും പോലീസ് കണ്ടെത്തി. വീഡിയോ പുറത്തു വിടുമെന്ന ഭീഷണിപ്പെടുത്തിയാണ് സമ്പന്നരായ സ്ത്രീകളെ ഇയാള്‍ കുരുക്കിലാക്കിയിരുന്നത്.

ഹരിയാനയിലെ ഫത്തെബാദ് ജില്ലയിലെ തൊഹാനയിലെ വീട്ടില്‍ നിന്ന് വ്യാഴാഴ്ചയാണ് ബാബ അമര്‍പുരിയെ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ തന്നെയാണ് ഇയാള്‍ പൂജാരിയായ ക്ഷേത്രവും. ഇതു രണ്ടാം തവണയാണ് ബാബ അമര്‍പുരി ബലാല്‍സംഗ കേസില്‍ അറസ്റ്റിലാകുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അറസ്റ്റിലായ ഇദ്ദേഹം ജാമ്യത്തിലിറങ്ങിയതായിരുന്നു.

സ്ത്രീകള്‍ക്കു വേണ്ടി 'പ്രത്യേക' ചികിത്സകള്‍

പ്രധാനമായും സ്ത്രീകളായിരുന്നു ബാബ അമര്‍പുരിയുടെ അനുഗ്രഹം തേടി എത്തിയിരുന്നത്. മന്ത്രവാദ ചികിത്സയിലൂടെ പലവിധ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ അറിവുള്ള തന്ത്രിയാണ് താനെന്നായിരുന്നു ഇയാളുടെ അവകാശ വാദം. തന്റെ അടുത്തെത്തുന്ന സ്ത്രീകളില്‍ കെണിയിലാക്കാവുന്നവരെ കണ്ടെത്തുകയാണ് ആദ്യം ചെയ്യുക. പിന്നീട് ഇവരെ തന്റെ പൂജാ കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ തയാറാക്കിയ പ്രത്യേക മുറിയിലേക്ക് ചികിത്സയ്‌ക്കെന്ന് പറഞ്ഞു കൊണ്ടു പോകും. ഈ മുറിയില്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ മുറിയിലെത്തിക്കുന്ന സ്ത്രീകള്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണവും പാനീയവുമാണ് ആദ്യം നല്‍കുക. പൂജയ്ക്കു ഉപയോഗിക്കുന്ന വിഭൂതിയിലും ഇയാള്‍ മയക്കുമരുന്ന് കലര്‍ത്തുന്നുണ്ട്. ഇതിന്റെ പുക ശ്വസിക്കുന്നതോടെ സ്ത്രീകള്‍ മയങ്ങും. ഇങ്ങനെ മയക്കിയ ശേഷം പാതി ബോധം നഷ്ടപ്പെടുമ്പോഴാണ് ഇവരെ ബാബ ബലാല്‍സംഗം ചെയ്തിരുന്നത്.

തന്നെ ഒരു മഹാത്മാവ് ആവാഹിച്ചിരിക്കുകയാണെന്നും ചികിത്സിക്കാന്‍ പ്രത്യേക കഴിവുകള്‍ ലഭിച്ചിരിക്കുകയാണെന്നും ഇയാള്‍ ഇരകളോട് പറഞ്ഞിരുന്നു. ബാബ അമര്‍പുരിക്ക് ആരേയും ഹിപ്‌നോട്ടൈസ് ചെയ്യാനുള്ള വൈദഗ്ധ്യവുമുണ്ടെന്ന് ഫത്തേബാദ് വനിതാ പോലീസ് സ്റ്റേഷന്‍ മേധാവി ബിമല ദേവി പറയുന്നു. ഒരിക്കല്‍ ഇയാളുടെ അടുത്ത് ചികിത്സയ്‌ക്കെത്തിയ സ്ത്രീകള്‍ പിന്നീട് തുടര്‍ച്ചയായി എത്തുന്നതും പതിവായിരുന്നുവത്രെ. ഇയാള്‍ നല്‍കുന്ന മയക്കുമരുന്നാണ് ഇതിനു പിന്നിലെന്ന് ചില ഇരകള്‍ പറയുന്നു.

തന്ത്രിയായി മാറിയ ജിലേബി വില്‍പ്പനക്കാരന്‍

തൊഹാനയില്‍ മൂന്ന് പതിറ്റാണ്ടോളമായി താമസമാക്കിയ അമര്‍പുരിയുടെ യഥാര്‍ത്ഥ പേര് അമര്‍വീര്‍ എന്നാണ്. വീട്ടില്‍ തന്നെ സ്ഥാപിച്ച ബാബ ബാലക് നാഥ് ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായി സ്വയം അവരോധിക്കുകയായിരുന്നു. പഞ്ചാബി പലഹാര വില്‍പ്പനക്കാരാനായാണ് അമര്‍പുരി നേരത്തെ അറിയപ്പെട്ടിരുന്നത്. തൊഹാനയിലെ പ്രധാന ചന്തയില്‍ ജിലേബി വില്‍പ്പനക്കാരനായിരുന്നു ഒരിക്കല്‍ ഇദ്ദേഹം. പലഹാര വില്‍പ്പനയിലൂടെ സമ്പാദിച്ച ശേഷം ഭട്ടിയ നഗറില്‍ ഭൂമി വാങ്ങി വീടു പണിയുകയായിരുന്നു. വീടിന്റെ ബേസ്‌മെന്റ് ക്ഷേത്രമാക്കി മാറ്റി. ഭാര്യ മരിച്ചതോടെ അപ്രത്യക്ഷനായ ഇദ്ദേഹം പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷമാണ് പൊങ്ങുന്നത്. ബാബ ആയാണ് രണ്ടാം വരവ്. താന്ത്രിക വിദ്യകള്‍ പഠിച്ചുവെന്നും താന്‍ നാഗ സന്യാസിയായിരുന്നെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. സമീപ വാസികള്‍ക്ക് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയങ്ങളുണ്ടായിരുന്നു. അവര്‍ ഇദ്ദേഹവുമായി അടുപ്പം കാട്ടിയില്ല. എങ്കിലും തൊഹാനയ്ക്കു പുറത്തു നിന്ന് തന്റെ അടുക്കലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ഇയാള്‍ക്കു കഴിഞ്ഞിരുന്നു. പഞ്ചാബില്‍ നിന്നും ദല്‍ഹിയില്‍ നിന്നുമായിരുന്നു പലരും എത്തിയിരുന്നത്.

കുരുക്കിലാക്കിയത് ഒളിക്യാമറ

തന്റെ ഭക്തകളെ ലൈംഗികമായി ദുരപയോഗം ചെയ്യുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ബാബ അമര്‍പുരിയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതി അറിയാവുന്ന ഒരു സഹായി തന്നെയാണ് എല്ലാ വിവരങ്ങളും വെളിപ്പെടുത്തിയത്. സഹായിയോട് അടുപ്പമുള്ള ഒരു യുവതിയെ ബാബ പീഡിപ്പിച്ചതോടെയാണ് ഇയാള്‍ ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ബാബ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന 120ഓളം വീഡിയോ ദൃശ്യങ്ങളടങ്ങിയ സിഡി സഹായി പോലീസിനു കൈമാറിയിട്ടുണ്ട്. ഈ ദൃശ്യങ്ങളില്‍ നിന്ന് അറുപതോളം സ്ത്രീകളെയാണ് തിരിച്ചറിഞ്ഞത്. എല്ലാവരും യുവതികളാണ്. പലരേയും വ്യത്യസ്ത ദിവസങ്ങളിള്‍ ആവര്‍ത്തിച്ച് പീഡിപ്പിച്ചിട്ടുണ്ട്. 

പോലീസ് ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മയക്കു മരുന്നുകളും മന്ത്രവാദത്തിനു ഉപയോഗിക്കുന്ന ഉപകരണങ്ങളും വിവിധ രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ പീഡനത്തിനിരയായ സ്ത്രീകളോട് പോലീസിനെ സമീപിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പേരുവിവരങ്ങല്‍ വെളിപ്പെടുത്തില്ലെന്നും കുടുംബങ്ങളെ അറിയിക്കില്ലെന്നും പോലീസ് അറിയിച്ചു. ഇതുവരെ മൂന്ന് സ്ത്രീകള്‍ മാത്രമാണ് പോലീസിന് മൊഴി നല്‍കാന്‍ തയാറായതെന്ന് പോലീസ് പറഞ്ഞു. ചികിത്സയുടെ മറവില്‍ പീഡിപ്പിച്ചെന്ന ഭര്‍തൃമതിയായ യുവതിയുടെ പരാതിയിലാണ് 2017 ഒക്ടോബറില്‍ ബാബ അമര്‍പുരിയെ പോലീസ് അറസ്റ്റ് ചെയ്തത്.
 

Latest News