ഉഖ്രുൽ- മണിപ്പൂരിലെ ഉഖ്രുൽ ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആയുധധാരികളായ അക്രമികളുമായുള്ള വെടിവെപ്പിലാണ് മൂന്നു പേർ കൊല്ലപ്പെട്ടത്. ഉഖ്രുൾ ജില്ലയിലെ തോവായ് കുക്കി ഗ്രാമത്തിലാണ് കനത്ത വെടിവെപ്പുണ്ടായത്., മൂന്ന് ഗ്രാമവാസികളാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. .
വെള്ളി രാവിലെ ഗ്രാമത്തിൽ നിന്ന് കനത്ത വെടിയൊച്ച കേട്ടതിനെ തുടർന്നാണ് മൂന്ന് പേരെ കാണാതായത്. താമസിയാതെ, ഗ്രാമവാസികൾ തിരച്ചിൽ ആരംഭിച്ചതിനെ തുടർന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ജാംഖോഗിൻ ഹാക്കിപ് (26), താങ്ഖോകൈ ഹാക്കിപ് (35), ഹോളൻസൺ ബെയ്റ്റ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്.
മേയ് 3 ന് വംശീയ സംഘർഷം ആരംഭിച്ച മണിപ്പൂരിലെ ഏറ്റവും പുതിയ സംഭവമാണിത്. അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 120-ലധികം ആളുകൾ മരിക്കുകയും 3,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമം നിയന്ത്രിക്കുന്നതിനും സംസ്ഥാനത്ത് സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുമായി മണിപ്പൂർ പോലീസിന് പുറമെ 40,000 കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.