ന്യൂദല്‍ഹി- മണിപ്പൂരിലെ അക്രമക്കേസുകള്‍ അന്വേഷിക്കാന്‍ രാജ്യത്തുടനീളമുള്ള യൂണിറ്റുകളില്‍ നിന്ന് 53 ഉദ്യോഗസ്ഥരെ സി. ബി. ഐ നിയോഗിച്ചു. ഇതില്‍ 29 പേര് വനിതാ ഉദ്യോഗസ്ഥരാണ്.
ലൗലി കത്യാര്‍, നിര്‍മല ദേവി, മോഹിത് ഗുപ്ത എന്നീ മൂന്ന് ഡി. ഐജിമാര്‍, പോലീസ് സൂപ്രണ്ട് രാജ് വീര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്. ജോയിന്റ് ഡയറക്ടര്‍ ഘന്‍ശ്യാം ഉപാധ്യായയ്ക്കാകും ഇവര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുക. ഇത്രയധികം വനിതാ ഉദ്യോഗസ്ഥരെ ഒരു അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തുന്നത് ആദ്യമായാണെന്നും സി. ബി. ഐ അറിയിച്ചു.
സി. ബി. ഐ അന്വേഷിക്കുന്ന കേസുകളില്‍ പലതിലും പട്ടികജാതി- പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ ആക്ട് 1989-ന്റെ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയേക്കാം. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥനാകും കേസ് അന്വേഷിക്കുക. രണ്ട് അഡീഷണല്‍ പോലീസ് സൂപ്രണ്ടുമാരും ആറ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരും ഉള്‍പ്പെടുന്ന 53 അംഗങ്ങളാണ് അന്വേഷണ സംഘത്തിന്റെ ഭാഗമാകുകയെന്നും അവര്‍ പറഞ്ഞു. ഇത്തരം കേസുകളില്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാര്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കഴിയാത്തതിനാല്‍, അന്വേഷണത്തിന്റെ മേല്‍നോട്ടത്തിനും നിരീക്ഷണത്തിനുമായി മൂന്ന് ഡി. ഐ. ജിമാരെയും എസ്. പിയെയും സി. ബി. ഐ നിയമിച്ചിട്ടുണ്ട്.
ഇത് കൂടാതെ 16 ഇന്‍സ്പെക്ടര്‍മാരും 10 സബ് ഇന്‍സ്പെക്ടര്‍മാരും സംഘത്തിന്റെ ഭാഗമാകുമെന്നും അവര്‍ പറഞ്ഞു.
സാധാരണഗതിയില്‍ ഇത്രയധികം കേസുകള്‍ സി. ബി. ഐക്ക് കൈമാറുമ്പോള്‍ സംസ്ഥാനത്തിന്റെ സഹായം തേടുകയാണ് പതിവ്. എന്നാല്‍ മണിപ്പൂരിന്റെ കാര്യത്തില്‍, പക്ഷപാതം കാണിച്ചെന്ന ആരോപണം ഉണ്ടാകാതിയിരിക്കാന് പരമാവധി സംസ്ഥാന ഉദ്യോഗസ്ഥരുടെ പങ്ക് കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് സി. ബി. ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മെയ് നാലിന് രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുന്നതായി പ്രചരിച്ച വീഡിയോയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ ഉള്‍പ്പെടെ എട്ട് കേസുകള്‍ സി. ബി. ഐ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മണിപ്പൂര്‍ അക്രമവുമായി ബന്ധപ്പെട്ട ഒമ്പത് കേസുകള്‍ കൂടി അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് സി. ബി. ഐ.