ജയ്പൂര്‍- 35 കാരിയായ രാജസ്ഥാന് യുവതി രണ്ട് കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം കുവൈത്തിലേക്ക് ഒളിച്ചോടി. ദുംഗര്‍പൂര്‍ ജില്ലയിലാണ് സംഭവം. ദീപിക പട്ടിദാര്‍ എന്ന യുവതിയാണ് ഒളിച്ചോടിയത്. ഭര്‍ത്താവ് പരാതിയുമായി പോലീസിനെ സമീപിച്ചു. പണവും ആഭരണങ്ങളുമായി ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്കി.
കാമുകന് ഇര്ഫാന് ഹൈദറിനൊപ്പമാണ് ദീപിക പട്ടിദാര്‍ ഒളിച്ചോടിയത്. ബുര്‍ഖ ധരിച്ച യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് കുടുംബം ഇക്കാര്യം അറിഞ്ഞതെന്ന് പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. താന്‍ മുംബൈയിലാണ് ജോലി ചെയ്യുന്നതെന്നും ഭാര്യ ദീപിക 11 ഉം 7 ഉം വയസ്സുള്ള രണ്ട് കുട്ടികളുമായി രാജസ്ഥാനിലെ വീട്ടില്‍ കഴിയുകയായിരുന്നെന്നും ഭര്‍ത്താവ് മുകേഷ് പോലീസിനോട് പറഞ്ഞു. ചികിത്സയ്ക്കായി ദീപിക പലപ്പോഴും ഗുജറാത്തിലേക്കോ ഉദയ്പൂരിലേക്കോ പോകാറുണ്ടായിരുന്നു. ജൂലൈ 10 ന്, അസുഖമാണെന്ന് പറഞ്ഞ് ചികിത്സക്കായി ദീപിക ഗുജറാത്തിലേക്ക് പോയി. എന്നാല്‍, ജൂലൈ 13 വരെ അവള് തിരിച്ചെത്തിയില്ല. പകരം ഭര്‍ത്താവുമായി ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് വാട്ട്സ്ആപ്പ് കോള്‍ ചെയ്തു. മുകേഷ് രാജസ്ഥാനിലെ വീട്ടില്‍ എത്തിയപ്പോള്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തി.
ഹൈദറിനെ കാണാന്‍ ദീപിക പലപ്പോഴും ഗുജറാത്തിലെ സബര്‍ കാന്തയിലെ ഖേദ് ബ്രഹ്മ സന്ദര്‍ശിച്ചിരുന്നു. ദീപികയെ ഇയാള്‍ കുവൈത്തിലേക്ക് കൊണ്ടുപോയതായി കണ്ടെത്തിയതായി ഛിത്രി എസ്എച്ച്ഒ ഗോവിന്ദ് സിംഗ് പറഞ്ഞു. എങ്ങനെയാണ് ഇരുവര്‍ക്കും വിസ ലഭിച്ചതെന്ന് അന്വേഷിക്കുകയാണ്.