Sorry, you need to enable JavaScript to visit this website.

കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിൽ ദേശീയ പതാക പുതച്ചു; സാമൂഹിക പ്രവർത്തകനെതിരെ കേസ്

കോളർ അലീമുദ്ദീൻ

ഹൈദരാബാദ്- കൊല്ലപ്പെട്ടയാളുടെ മൃതദേഹം ദേശീയ പതാക കൊണ്ടു മൂടിയ സംഭവത്തിൽ സാമൂഹിക പ്രവർത്തകനെതിരെ കേസ്. ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയിൽ സാമൂഹിക പ്രവർത്തകൻ കോളർ അലീമുദ്ദീൻ എന്ന ഖാജാ അലീമുദ്ദീനെതിരെയാണ് ചാന്ദ്രയങ്കുട്ട പോലീസ് കേസെടുത്തത്. കഴിഞ്ഞ 11ന് ബന്ദ്‌ലഗുഡ മേഖലയിൽ കൊല്ലപ്പെട്ട ഷെയ്ക് സയ്യിദ് ബവാസിറിന്റെ മൃതദേഹമാണ് ത്രിവർണപതാക കൊണ്ട് മൂടിയത്.

1971ലെ ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയൽ നിയമത്തിലെ സെക് ഷൻ രണ്ട് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഓഗസ്റ്റ് 14 ന് ബിജെവൈഎം ഹൈദരാബാദ് വൈസ് പ്രസിഡന്റ് പിത്തല രാജേഷാണ് ചന്ദ്രയങ്കുട്ട പോലീസിൽ പരാതി നൽകിയത്. ഓഗസ്റ്റ് 11 ന് വൈകുന്നേരം കേശവഗിരിയിൽ നിന്ന് ചന്ദ്രയങ്കുട്ടയിലേക്ക് പോകുമ്പോൾ ആംബുലൻസ് ദേശീയ പതാകയിൽ പൊതിഞ്ഞ മൃതദേഹം  കൊണ്ടുപോകുന്നത് കണ്ടുവെന്നായിരുന്നു പരാതി. പിന്നീടാണ് മരിച്ചത് സാമൂഹിക പ്രവർത്തകൻ സയ്യിദ് ബവാസിറാണെന്ന് അറിഞ്ഞത്.

ഖാജാ അലീമുദ്ദീനും മറ്റുള്ളവരും മരിച്ചയാളുടെ മൃതദേഹം ദേശീയ പതാകയിൽ പൊതിഞ്ഞ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മരിച്ചയാൾ ഒരു സ്ഥിരം കുറ്റവാളിയാണെന്നും മൃതദേഹം ദേശീയ പതാക കൊണ്ട് മൂടിയത് അനാദരവാണെന്നും പരാതിക്കാരൻ പറഞ്ഞു.

ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയുടെ മൃതദേഹം മറയ്ക്കുന്നത് ഇന്ത്യൻ ദേശീയ പതാകയെ അപമാനിക്കുന്നതാണെന്ന് ബിജെവൈഎം നേതാവ് പി രാജേഷ് പരാതിയിൽ പറഞ്ഞു. ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ചവർക്കെതിരെ നിയമപ്രകാരം ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പോലീസിനോട് അഭ്യർത്ഥിച്ചു.

ബന്ദ്‌ലഗുഡയിൽ വെച്ച് ഷൈഖ് ബവാസിർ കൊല്ലപ്പെട്ട കേസിൽ  ജൽപള്ളി പ്രദേശത്തെ മൂന്ന് എഐഎംഐഎം നേതാക്കളായ  അഹമ്മദ് സാദി, അബ്ദുല്ല സാദി, സാലിഹ് സാദി എന്നിവർക്കെതിരെ പോലീസ് പിന്നീട് എഫ്‌ഐആർ ഫയൽ ചെയ്തു.

Latest News