കൊച്ചി - മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ അംഗപരിമിതര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനിച്ച് പുതിയ ഉദ്യമത്തിന് തുടക്കമിട്ടു. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെയും യു.എസ്.ടി ഗ്ലോബല്‍, കൈറ്റ്‌സ് ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് അംഗപരിമിതരായ ആളുകള്‍ക്കുള്ള റോബോട്ടിക് /ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്തത്. 25 പേര്‍ക്കാണ് വീല്‍ ചെയര്‍ നല്‍കിയത്.
പദ്ധതിയുടെ വിതരണ ഉദ്ഘാടനം കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ സ്ഥാപകനായ മമ്മൂട്ടി, മലപ്പുറം പൊന്നാനിയില്‍ നിന്നുള്ള അബൂബക്കറിന് വീല്‍ചെയര്‍ നല്‍കി നിര്‍വഹിച്ചു. ഫൗണ്ടേഷന്റെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ഒടുവിലത്തെ പദ്ധതിയാണ് ഇലക്ട്രിക് വീല്‍ചെയറിന്റെ വിതരണം. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യത്യസ്തമായ മറ്റൊരു പദ്ധതിയാണ് ഇലക്ട്രിക് വീല്‍ചെയറുകളുടെ വിതരണം.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐ.ടി കമ്പനികളില്‍ ഒന്നായ യുഎസ്ടി ഗ്ലോബല്‍ ആണ് ഇലക്ട്രിക് വീല്‍ചെയര്‍ കെയര്‍ ആന്‍ഡ് ഷെയറിന് നല്‍കുന്നത്. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ക്ക് ചികിത്സ സഹായം, വിദ്യാഭ്യാസം, ആദിവാസികള്‍ക്കായുള്ള വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നീ രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങളാണ് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഫൗണ്ടേഷന്‍ നടത്തി വരുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ഫാ തോമസ് കുര്യന്‍ മരോട്ടിപ്പുഴ പറഞ്ഞു.