Sorry, you need to enable JavaScript to visit this website.

ഐ ഫോണിന് ഇന്ത്യയില്‍ വിലക്ക്‌ വരുമോ? ആപ്പ്ള്‍ നിയമ നടപടിക്കൊരുങ്ങുന്നു

ന്യൂദല്‍ഹി- ടെലികോം അതോറിറ്റി ഓഫ് ഓഫ് ഇന്ത്യ (ട്രായ്) വികസിപ്പിച്ച 'ഡു നോട്ട് ഡിസ്റ്റര്‍ബ്' (ഡി.എന്‍.ഡി) അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപഭോക്താക്കളെ അനുവദിക്കാത്ത ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ട്രായ് വിലക്കേര്‍പ്പെടുത്തും. ഇതു സംബന്ധിച്ച് നയം വ്യാഴാഴ്ചയാണ് ട്രായ് പ്രഖ്യാപിച്ചത്. ഇതു വലിയ തിരിച്ചടിയാകുക ആപ്പഌന്റെ ഐ ഫോണുകള്‍ക്കാണ്. മൊബൈലുകളിലേക്ക് വരുന്ന അനാവശ്യ മെസേജുകളും കോളുകളും തടയുന്നതിന് ട്രായ് വികസിപ്പിച്ച ആപ്പാണ് ഡി.എന്‍.ഡി. മൊബൈലിലെ കോള്‍ ലോഗുകള്‍ പരിശോധിച്ച് സ്പാം കോളുകളും മെസേജുകളും കണ്ടെത്തി തടയുന്ന ആപ്പാണിത്. പുതിയ ട്രായ് ചട്ടമനുസരിച്ച് ഡി.എന്‍.ഡി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതില്‍ നിന്ന് ഉപഭോക്താക്കളെ വിലക്കാനാവില്ല. ഫോണിലെ കോള്‍, മെസേജ് ലോഗുകളിലേക്ക് ഈ ആപ്പിന് ആക്‌സസ് അനുവദിക്കേണ്ടതുണ്ട്. എന്നാല്‍ ആപ്പിളിന്റെ പ്രൈവസി പോളിസി അനുസരിച്ച് കോള്‍, മെസേജ് ലോഗുകളിലേക്ക് ഈ ആപ്പിന് ആക്‌സസ് അനുവദിക്കില്ല. ഇത് ആപ്പഌന്റെ നയത്തിനെതിരാണ്. ആപ്പ് സ്റ്റോറില്‍ ഡി.എന്‍.ഡി ആപ്പിനെ വിലക്കിയതാണ് ട്രായിയെ ചൊടിപ്പിച്ചത്. 

ആപ്പഌന്റെ നയം 'ഡാറ്റ കോളനിവല്‍ക്കരണം' പോലെയാണെന്നും ഉപഭോക്തൃ് വിരുദ്ധമാണെന്നും ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ വിമര്‍ശിച്ചു. യുസര്‍ ഡേറ്റ ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയുടെ ഉടമസ്ഥതയിലാണെന്നും ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കള്‍ക്ക് ഇതിന്‍മേല്‍ അവകാശം വാദം ഉന്നയിച്ച് ഇത് വെളിപ്പെടുത്തുന്നതില്‍ നിന്നും ഉപഭോക്താക്കളെ തടയാനുള്ള അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ട്രായ് ചട്ടം അനുസരിച്ച് ആപ്പ്ള്‍ അടക്കം എല്ലാ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളും ട്രായ് വികസിപ്പിച്ച ഡി.എന്‍.ഡി അടക്കമുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപഭോക്താക്കളെ അനുവദിക്കല്‍ നിര്‍ബന്ധമാണ്. ആറു മാസത്തിനകം ഇത് അനുസരിച്ചില്ലെങ്കില്‍ ടെലികോം സേവനദാതാക്കള്‍ ഇത്തരം ഫോണുകളിലേക്കുള്ള നെറ്റ് വര്‍ക്ക് സേവനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരാകും.

ട്രായ് നയത്തിനെതിരെ ആപ്പ്ള്‍ നിയമ നടപടിക്കൊരുങ്ങുകയാണെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. തങ്ങളുടെ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നതില്‍ നിന്നും ഹാന്‍ഡ്‌സെറ്റുകളെ തടയാന്‍ ടെലികോം കമ്പനികളെ നിര്‍ബന്ധിക്കാന്‍ നിയമപരമായി കഴിയില്ലെന്ന് ആപ്പ്ള്‍ ചൂണ്ടിക്കാട്ടുന്നു. ഡി.എന്‍.ഡി ആപ്പിനു പകരം സമാനമായ സംവിധാനം ഐ ഫോണ്‍ ഓപറേറ്റിങ് സിസ്റ്റമായ ഐ.ഒ.എസിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ആപ്പ്ള്‍ വ്യക്തമാക്കുന്നു. ഐ ഫോണുകളില്‍ അനാവശ്യ കോളുകളും മെസേജുകളും കണ്ടെത്തി തടയുന്ന സംവിധാനം പുതിയ ഐ.ഒ.എസ് 12 അപ്‌ഡേഷനില്‍ ലഭ്യമാക്കും. ഇത് സെപ്തംബറില്‍ പുറത്തിറക്കുമെന്നും ആപ്പ്ള്‍ വ്യക്തമാക്കുന്നു. ഡി.എന്‍.ഡി ആപ്പിലൂടെ ട്രായ് നടപ്പിലാക്കുന്നത് തന്നെയാണ് പുതിയ ഐ.ഒ.എസ് പതിപ്പിലും വരാനിരിക്കുന്നതെന്നും ആപ്പ്ള്‍ അറിയിച്ചു.
 

Latest News