ന്യൂദൽഹി- 2002ലെ ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ചാണ് അപ്പീലിൽ സുപ്രീം കോടതി തീരുമാനമാകുന്നതുവരെ ജാമ്യം നൽകേണ്ടെന്ന് തീരുമാനിച്ചത്. കല്ലെറിയുന്നതിലും സ്വർണാഭരണങ്ങൾ കവരുന്നതിലും ഇവർക്ക് പങ്കുണ്ടെന്നാണ് വിചാരണ കോടതി കണ്ടെത്തിയിരുന്നത്.
ഇവരിൽ ആർക്കും വധശിക്ഷ ലഭിച്ചിട്ടില്ലെന്നും കല്ലെറിഞ്ഞ കുറ്റത്തിന് മൂന്നുപേരിൽ രണ്ടുപേർ ജീവപര്യന്തം തടവ് അനുഭവിക്കുകയാണെന്നും പ്രതികൾക്കു വേണ്ടി ഹജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഡ്ഗെ വാദിച്ചു. സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പതിനേഴര വർഷത്തിലേറെയായി ഒരു പ്രതി കസ്റ്റഡിയിലാണെന്നും ഇയാളിൽ നിന്ന് ആഭരണങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ വിചാരണ കോടതിയുടെ ഉത്തരവിൽ പ്രതികളുടെ പങ്ക് നിർണയിച്ചിട്ടുണ്ടെന്ന് ഗുജറാത്ത് സർക്കാരിനെ പ്രതിനിധീകരിച്ച് ഹജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
ശൗക്കത്ത് യൂസഫ് ഇസ്മായിൽ മോഹൻ, സിദ്ദീഖ് അബ്ദുല്ല ബാദം ഷെയ്ഖ്, ബിലാൽ അബ്ദുല്ല ഇസ്മായിൽ ബദം ഗഞ്ചി എന്നിവരുടെ പ്രത്യേക പങ്ക് കണക്കിലെടുക്കുമ്പോൾ ഈ ഘട്ടത്തിൽ ജാമ്യത്തിൽ വിടാനാവില്ലെന്ന് സുപ്രീം കോടതി ബെഞ്ച് ഉത്തരവിൽ പറഞ്ഞു. ജാമ്യാപേക്ഷ തള്ളുന്നത് സുപ്രീം കോടതിയിൽ നിലനിൽക്കുന്ന അപ്പീലിനെ ബാധിക്കില്ലെന്ന് ജഡ്ജിമാർ വ്യക്തമാക്കി.