കാലവർഷം ദുർബലമായതോടെ ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങൾ വരണ്ട് ഉണങ്ങുമെന്ന ആശങ്കയിലാണ് ഉൽപാദകർ. മഴ കുറഞ്ഞത് കാർഷിക മേഖലയെ പ്രതിസന്ധിലാക്കുമെന്ന് വ്യക്തമെങ്കിലും ഇക്കാര്യത്തിൽ ചെറുവിരൽ പോലും അനക്കാൻ കൃഷി വകുപ്പ് തയാറായില്ല. എൽനിനോ പ്രതിഭാസം മൂലം മഴയുടെ അളവ് ജൂലൈക്ക് ശേഷം കുറയുമെന്ന് വിവിധ കാലാവസ്ഥ ഏജൻസികൾ വിലയിരുത്തിയിരുന്നു. ഓസ്േ്രടലിയ അടുത്ത വർഷം വരൾച്ചയുടേതായി പ്രഖ്യാപിച്ചു, കേരളം ഇത് ഒന്നും അറിയാത്ത ഭാവത്തിലാണ്. വരൾച്ചയെ മറികടക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുത്താൽ മാത്രമേ കർഷകർക്ക് പ്രതിസന്ധികളെ മറികടക്കാനാവു. കയറ്റുമതി മേഖലയും ആഭ്യന്തര മാർക്കറ്റും ഏലത്തിന്റെ ഉൽപാദനം കുറയുമെന്ന ഭീതിയിലാണ്. മഴ കുറഞ്ഞതിനാൽ ഏലം കൃഷിയുമായി മുന്നോട്ട് പോകാൻ കർഷകർ ക്ലേശിക്കും. യഥാസമയം നനയ്ക്ക് അവസരം ലഭിച്ചാലേ ഉൽപാദനം കുറയാതെ പിടിച്ചു നിർത്താനാവൂ. നിലവിലെ സ്ഥിതി വിലയിരുത്തിയാൽ ഉൽപാദനം 30-35 ശതമാനം വരെ ഇടിയാം. ശരാശരി ഇനങ്ങൾ കിലോ 2254 രൂപ വരെയും മികച്ചയിനങ്ങൾ 3000 രൂപ വരെയും ഉയർന്നു.
ഇന്ത്യൻ കുരുമുളക് സാങ്കേതിക തിരുത്തലിനായി ഉറ്റുനോക്കുന്നു, ഇതര ഉൽപാദന രാജ്യങ്ങൾ ചരക്ക് വിൽപന നടത്താൻ യൂറോപ്പിലേയ്ക്ക്. മലബാർ കുരുമുളക് തുടർച്ചയായ വിലക്കയറ്റത്തിൽ ഓവർ ഹീറ്റായ പശ്ചാത്തലത്തിൽ സാങ്കേതിക തിരുത്തലിന് തയാറെടുക്കുന്നു. വ്യവസായികൾ കഴിഞ്ഞ ദിവസങ്ങളിൽ അവരുടെ വാങ്ങൽ ടാർഗറ്റിൽ നേരിയ കുറവ് വരുത്തി വിപണിയുടെ കരുത്ത് വിലയിരുത്തി. മൂന്നാഴ്ചകളിലെ കുത്തനെയുള്ള കയറ്റമായതിനാൽ ചെറിയ തിരുത്തലുകൾ നടത്തുമെന്ന നിഗമനത്തിൽ വാങ്ങലുകാർ അൽപം അകന്നു.
ക്രിസ്മസ് ന്യൂ ഇയർ ആവശ്യങ്ങൾ മുന്നിൽ കണ്ടുള്ള കുരുമുളക് സംഭരണത്തിന് ഒരുങ്ങുകയാണ് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും. ഇതിനിടയിൽ ആഗോള കുരുമുളക് വില ഉയർത്താൻ മുഖ്യ ഉൽപാദക രാജ്യങ്ങൾ നീക്കം തുടങ്ങി. ഇന്ത്യയിലെ കുതിച്ചുചാട്ടമാണ് ഇതര കയറ്റുമതി രാജ്യങ്ങളെ വില ഉയർത്താൻ പ്രേരിപ്പിക്കുന്നത്. വില അനുദിനം ഉയരുന്നതിനാൽ താഴ്ന്ന വിലയ്ക്ക് ചരക്ക് കൈപ്പിടിയിൽ ഒരുക്കാനാവില്ലെന്ന ആശങ്കയിലാണ് യൂറോപ്യൻ വാങ്ങലുകാർ. അവർ ഇന്തോനേഷ്യയെ കുരുമുളകിനായി സമീപിച്ചുവെന്നാണ് ജക്കാർത്തയിൽ നിന്നുള്ള വിവരം. ഓഗസ്റ്റ് ആദ്യം ടണ്ണിന് 3800 ഡോളറിന് കുരുമുളക് വാഗ്ദാനം ചെയ്ത അവർ വാരമധ്യം പുതിയ ക്വട്ടേഷൻ ഇറക്കിയത് 4500 ഡോളറിനാണ്. കൂടുതൽ കച്ചവടങ്ങൾക്ക് താൽപര്യം കാണിക്കാമെങ്കിൽ വിലയിൽ കുറവ് വരുത്താനും അവർ തയാർ. ഇന്തോനേഷ്യയുടെ നീക്കം കണ്ട് മറ്റു കയറ്റുമതി രാജ്യങ്ങളും വില ഉയർത്തി. കൊച്ചിയിൽ കുരുമുളക് 61,700 രൂപ.
ചുക്കിനായി വാങ്ങലുകാർ കാർഷിക മേഖലകളിൽ ഇറങ്ങി. വിപണി അറിയാതെ ചരക്ക് സംഭരിച്ചാൽ വിലക്കയറ്റം പിടിച്ചു നിർത്താമെന്ന തന്ത്രമാണ് അവർ പയറ്റിയതെങ്കിലും കാര്യമായി ചരക്ക് ലഭിച്ചില്ല. ശൈത്യകാല ഡിമാന്റിൽ ചുക്ക് വില അര ലക്ഷത്തിലേയ്ക്ക് സഞ്ചരിക്കാമെന്ന അഭ്യൂഹവും വിപണിയിൽ പരന്നു. കേരളത്തിലും കർണാടകത്തിലും ചുക്ക് ക്ഷാമം രൂക്ഷമാണ്. അറബ് രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങളുണ്ട്. ബെസ്റ്റ് ചുക്ക് വില 35,000 രൂപ.
കൊപ്ര സംഭരണത്തിന് പുതിയ ഏജൻസിയെ രംഗത്ത് ഇറക്കിയതല്ലാതെ ഉൽപാദകർക്ക് നേട്ടം പകരാൻ കൃഷി വകുപ്പിനായില്ല. ചിങ്ങം പടിവാതിൽക്കൽ എത്തിയതിനിടയിൽ നാളികേരോൽപന്ന വില ഉയർന്നില്ലെന്ന് മാത്രമല്ല നിരക്ക് ഇടിയുകയും ചെയ്തു. കർഷകർക്ക് അനുകൂലമായ ഒരു നീക്കവും വകുപ്പിൽ നിന്നും ഉണ്ടാവുന്നില്ലെന്ന ആക്ഷേപവും ഉൽപാദക കേന്ദ്രങ്ങളിൽ ഉയർന്നു. വെളിച്ചെണ്ണ 12,700 ൽ നിന്നും 12,500 രൂപയായി.
രാജ്യാന്തര റബറിലെ തളർച്ച കണ്ട് ടയർ ലോബി ആഭ്യന്തര ഷീറ്റ് വില ഇടിച്ചു. റബർ ടാപ്പിങ് രംഗം സജീവമായെങ്കിലും പകൽ താപനില ഉയർന്നത് മരങ്ങളിൽ നിന്നുള്ള വിളവ് ചുരുങ്ങാൻ ഇടയാക്കി. നാലാം ഗ്രേഡ് ഷീറ്റ് വില 14,800 രൂപ. അഞ്ചാം ഗ്രേഡ് റബർ 13,900-14,300 രൂപ.
സംസ്ഥാനത്ത് സ്വർണ വില പവൻ 44,120 രൂപയിൽ നിന്നും 43,720 രൂപയായി. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1942 ഡോളറിൽ നിന്ന് 1913 ഡോളറായി.