ഇന്ത്യൻ റെയിൽവേയ്ക്ക് ആവശ്യമായ അത്യാധുനിക അലുമിനിയം ചരക്ക് വാഗണുകളും കോച്ചുകളും ഹിൻഡാൽകോയും ടെക്‌സ്മാകോയും ചേർന്ന് നിർമിക്കും. ഇതിനുള്ള കരാറിൽ ഒപ്പുവെച്ചതായി ഹിൻഡാൽകോ ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ സതീഷ് പൈ കൊച്ചിയിൽ അറിയിച്ചു. ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ഗതാഗത ശേഷി ഇരട്ടിയാക്കി ചരക്കുഗതാഗതത്തിന്റെ 45 ശതമാനം വിപണി വിഹിതം സ്വന്തമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ നടപ്പാക്കുന്ന മിഷൻ 3000 മില്യൺ ടൺ പദ്ധതിയുടെ ഭാഗമായാണ് ഹിൻഡാൽകോയ്ക്ക് നൂതനമായ അലുമിനിയം വാഗണുകൾ നിർമിക്കുന്നതിന് കരാർ നൽകിയിരിക്കുന്നത്. 180 ടൺ ഭാരം കുറഞ്ഞതും 19 ശതമാനം ഉയർന്ന വാഹകശേഷിയും തേയ്മാനം ഗണ്യമായി കുറവുമുള്ള ആധുനിക അലുമിനിയം കോച്ചുകൾ കൂടുതലായി ഉപയോഗിക്കുന്നതിലൂടെ കുറഞ്ഞ ഊർജ ഉപയോഗവും കുറഞ്ഞ കാർബൺ പുറന്തള്ളലും കൂടിയ ചരക്ക് ശേഷിയും ഉയർന്ന വേഗവും കൈവരിക്കാൻ റെയിൽവേക്ക് സാധിക്കും.
80 വർഷമായി ചരക്ക് വാഹന നിർമാണത്തിൽ വൈദഗ്ധ്യമുള്ള ടെക്‌സ്മാകോയുടെ സാങ്കേതിക മികവ് അലുമിനിയം കോച്ചുകൾക്ക് ലോകോത്തര നിലവാരം ഉറപ്പാക്കുമെന്ന് സതീഷ് പൈ പറഞ്ഞു. തദ്ദേശീയ നിർമിതിയിലൂടെ ചരക്കു ഗതാഗതത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനൊപ്പം ചരക്ക് തീരുവ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര ഗവൺമെന്റ് ചരക്ക് ഇടനാഴികൾ വികസിപ്പിക്കുന്നത്. റെയിൽവേയുടെ ഈ അതിവേഗ വികസനത്തിന് അലുമിനിയം കോച്ചുകളുടെ ഉപയോഗം ഗതിവേഗം പകരുമെന്ന് ടെക്‌സ്മാകോ റെയിൽ ആന്റ് എൻജിനീയറിംഗ് ലിമിറ്റഡിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ സുദീപ്ത മുഖർജി വ്യക്തമാക്കി.