മുംബൈ - വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വരാണസിയിൽ എ.ഐ.സി.സി ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിച്ചാൽ ഉറപ്പായും വിജയിക്കുമെന്ന് ശിവസേന ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. വരാണസിയിലെ ജനങ്ങൾക്ക് പ്രിയങ്കയെ വേണം. മോഡിക്കെതിരെ പ്രിയങ്ക മത്സരിച്ചാൽ വിജയിക്കും. റായ്ബറേലി, വരാണസി, അമേഠി എന്നിവിടങ്ങളിലെ പോരാട്ടം ബി.ജെ.പിക്ക് കടുപ്പമേറുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
ശരത് പവാർ-അജിത് പവാർ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'ശരത് പവാറും അജിത് പവാറും കണ്ടുമുട്ടിയതായി മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ കൂടിക്കാഴ്ച നടത്താമെങ്കിൽ എന്തുകൊണ്ട് ശരത് പവാറിനും അജിത് പവാറിനും ആയിക്കൂടാ. ശരദ് പവാർ ഉടൻ ഇതിനെക്കുറിച്ച് സംസാരിക്കും. ഇന്ത്യാ സഖ്യ യോഗത്തിലേക്ക് ശരത് പവാർ അജിത് പവാറിനെ ക്ഷണിച്ചുവെന്ന് ഞാൻ കരുതുന്നതായും റാവത്ത് പറഞ്ഞു.
മഹാരാഷ്ട്രയിലെ രണ്ട് ഉപമുഖ്യമന്ത്രിമാർ പോലും ഈ സർക്കാരിൽ തൃപ്തരല്ല. രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം. അജിത് പവാറും ദേവേന്ദ്ര ഫഡ്‌നാവിസും മഹാരാഷ്ട്രയിലെ ജനങ്ങളും സർക്കാരിൽ തൃപ്തരല്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.