> പന്തല്‍ കെട്ടാനറിയാത്തവര്‍ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ഇറങ്ങിയിരിക്കുന്നെന്ന്
കൊല്‍ക്കത്ത- തൃണമൂല്‍ കോണ്‍ഗ്രസ് കൊല്‍കത്തയില്‍ സംഘടിപ്പിച്ച രക്തസാക്ഷി ദിന മഹാറാലിയില്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി. കൈകളില്‍ വര്‍ഗീയ കലാപങ്ങളുടെ രക്തക്കറ പുരണ്ടവരാണ് രാജ്യം ഭരിക്കുന്നതെന്നും ജനങ്ങള്‍ ബിജെപിയുടെ അഹങ്കാരവും ഭീഷണികളും കുപ്രചരണങ്ങളും സ്വീകരിക്കരുതെന്നും അവര്‍ പറഞ്ഞു. ആര്‍ എസ് എസിനൊപ്പം ബിജെപി താലിബാനികളേയും സൃഷ്ടിക്കുകയാണ്. താന്‍ ബഹുമാനിക്കുന്ന നല്ല മനുഷ്യരും ഈ സംഘടനകളില്‍ ഉണ്ടെന്നും മമത പറഞ്ഞു.
ഒരു പന്തല്‍ നേരാംവണ്ണം കെട്ടാനറിയാത്ത ഇവരാണ് രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മിഡ്‌നാപൂര്‍ റാലിയെ പരോക്ഷമായി സൂചിപ്പിച്ച് മമത പറഞ്ഞു. മിഡ്‌നാപൂര്‍ റാലിക്കിടെ പന്തല്‍ തര്‍ന്നു വീണ് 50 സ്്ത്രീകള്‍ ഉള്‍പ്പെടെ നൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
'ബിജെപിയെ പുറത്താക്കു, രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15-ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രചാരണം തുടങ്ങുമെന്നും മമത അറിയിച്ചു. രാജ്യത്ത് എല്ലായിടത്തും ആള്‍ക്കൂട്ട മര്‍ദനങ്ങളും കൊലപാതങ്ങളും അരങ്ങേറുന്നത് ഇവര്‍ ജനങ്ങള്‍ക്കിടയില്‍ താലിബാനികളെ സൃഷ്ടിക്കുന്നുവെന്നാണ് കാണിക്കുന്നതെന്നു മമത പറഞ്ഞു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ 42 സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരും. രാജ്യത്തെ രക്ഷിക്കാന്‍ ബിജെപിയെ പുറത്താക്കും. ജനുവരിയില്‍ കൊല്‍ക്കത്തയില്‍ എല്ലാ പ്രതിപക്ഷ നേതാക്കളേയും അണിനിരത്തി കൂറ്റന്‍ റാലി സംഘടിപ്പിക്കുമെന്നും മമത പ്രഖ്യാപിച്ചു.