Sorry, you need to enable JavaScript to visit this website.

ജോലി ആവശ്യങ്ങള്‍ക്ക് ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് റഷ്യയില്‍ ജീവനക്കാര്‍ക്ക് വിലക്ക്

മോസ്‌കോ- ജോലി ആവശ്യങ്ങള്‍ക്കായി ആപ്പിള്‍ ഐഫോണുകളും ഐപാഡുകളും ജീവനക്കാര്‍ ഉപയോഗിക്കരുതെന്ന് റഷ്യയുടെ നിര്‍ദ്ദേശം. എന്നാല്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കില്ല. റഷ്യന്‍ ഡിജിറ്റല്‍ വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 

ഐഫോണ്‍ ഉപകരണങ്ങളില്‍ നിന്ന് ഡേറ്റ ചോരുന്നെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. റഷ്യയുടെ സുരക്ഷാ ഏജന്‍സിയായ എഫ്. എസ്. ബിയുടെ വിവര ചോര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ട് വന്ന് രണ്ട് മാസത്തിന് ശേഷമാണ് തീരുമാനം. 

യു. എസിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ആപ്പിള്‍ ഉപകരണങ്ങള്‍ നിരവധി തവണ ഡാറ്റ ലീക്ക് ചെയ്തതായാണ് റഷ്യയുടെ കണ്ടെത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ യു. എസ് പ്രതികരിച്ചിട്ടില്ല. 

2023ലെ ഐഫോണ്‍ ലോഞ്ച് സെപ്തംബര്‍ 12 നടക്കാനിരിക്കെയാണ് റഷ്യയുടെ തീരുമാനം. ഖത്തറിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി കഴിഞ്ഞ വര്‍ഷം ആപ്പിള്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഗുരുതരമായ ചില സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഏറ്റവും പുതിയ ഐഒഎസ് വേര്‍ഷനായ 15.6.1ലേക്ക്  ആപ്പിള്‍ ഉകരണങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത് സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു നിര്‍ദേശം. അമേരിക്കന്‍ ചാരസംഘടനയായ സി. ഐ. എയ്ക്ക് ആപ്പിള്‍ കംപ്യൂട്ടറുകളിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിക്കിലീക്സ് വെളിപ്പെടുത്തിയിരുന്നു. ആപ്പിള്‍ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെ ബഗ്ഗുപയോഗിച്ച് നിയന്ത്രിക്കാനും വിവരങ്ങള്‍ എടുക്കാനും സി. ഐ. എയ്ക്ക് സാധിക്കുമെന്നായിരുന്നു വിക്കിലീക്‌സ് വെളിപ്പെടുത്തല്‍.

Latest News