ലഖ്‌നൗ - യഥാസമയം ആംബുലൻസ് സർവീസ് ലഭിക്കാത്തതിനെ തുടർന്ന് യുവതി രാജ്ഭവന് മുമ്പിൽ പ്രസവിച്ചു. പിന്നാലെ കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലാണ് സംഭവം.
കുടുംബം പലതവണ ആംബുലൻസ് വിളിച്ചെങ്കിലും എത്താതിരുന്നതോടെ യുവതിയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. യാത്രയ്ക്കിടെ പ്രസവവേദന അസഹ്യമായി യുവതി രാജ്ഭവനു മുന്നിൽ പ്രസവിക്കുകയായിരുന്നു. ബന്ധുക്കൾ സാരികൊണ്ട് മറച്ചുപിടിച്ചാണ് യുവതി പ്രസവിച്ചത്.
ശേഷം യുവതിയെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശമാണ് ഉയരുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു.