ഉദ്യോഗസ്ഥരെ മോശമായി ചീത്രീകരിച്ച ബച്ചന്‍ പരസ്യത്തിനെതിരെ ബാങ്ക് യൂണിയന്‍

മുംബൈ- വയോധികരായ ഉപഭോക്താക്കളോട് മോശമായി പെരുമാറുന്ന ബാങ്ക് ഉദ്യോഗസ്ഥരെ തുറന്നു കാട്ടുന്ന അമിതാഭ് ബച്ചനും മകള്‍ ശ്വേത ബച്ചന്‍ നന്ദയും അഭിനയിച്ച ജൂവലറി പരസ്യ ചിത്രത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടന രംഗത്തെത്തി. പെന്‍ഷന്‍ വാങ്ങാന്‍ മകള്‍ക്കൊപ്പം ബാങ്കിലെത്തുന്ന വയോധികനായാണ് ബച്ചന്‍ കല്യാണ്‍ ജുവലറിയുടെ പരസ്യത്തില്‍ അഭിനിയിക്കുന്നത്. പെന്‍ഷന്‍ പാസ് ബുക്ക് നല്‍കുമ്പോള്‍ പുച്ഛത്തോടെ ഓരോ ബാങ്ക് ഉദ്യോഗസ്ഥനും അടുത്ത ഓഫീസറുടെ അടുത്തേക്ക് തള്ളിവിടുന്നു. ഒടുവില്‍ പെന്‍ഷന്‍ തുക കൈപ്പറ്റാന്‍ ബാങ്ക് മാനേജരെ വരെ സമീപിക്കേണ്ടി വരുന്നതാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. 

ബാങ്ക് ഉദ്യോഗസ്ഥരെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് ഈ പരസ്യത്തിനെതിരെ ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷനാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. 3.20 ലക്ഷം ബാങ്ക് ജീവനക്കാരുടെ സംഘടനയായി അറിയപ്പെടുന്ന ഈ യൂണിയന്‍ കല്യാണ്‍ ജുവലറിക്കെതിരെ അപകീര്‍ത്തി കേസ് നല്‍കുമെന്നു ഭീഷണി ഉയര്‍ത്തുന്നു. പരസ്യത്തിലെ ഉള്ളടക്കം അപകീര്‍ത്തിപരവും ബാങ്കിങ് സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ഹനിക്കുന്നതുമാണ്. വാണിജ്യ നേട്ടത്തിന് ഇങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാവില്ല, യൂണിയന്‍ ജനറല്‍ സെക്രട്ടറി സൗമ്യ ദത്ത പറഞ്ഞു.

ബച്ചന്‍ മുഴുവന്‍ ബാങ്ക് ഉദ്യോഗസ്ഥരേയും പരിഹസിച്ചിരിക്കുകയാണെന്നും ഇത് അപലപനീയമാണെന്നും ബാങ്ക് ഉദ്യോഗസ്ഥരുടെ യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പരസ്യ ചിത്രം തീര്‍ത്തും സാങ്കല്‍പ്പിക കഥ മാത്രമാണെന്ന് കല്യാണ്‍ ജുവലേഴ്‌സ് പറയുന്നു. ബാങ്ക് ഉദ്യോഗസ്ഥരെ സാമാന്യവല്‍ക്കരിക്കാന്‍ ഉദ്ധേശിച്ചുള്ള പരസ്യമല്ല ഇതെന്നും കഥയും കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികം മാത്രമാണെന്ന മുന്നറിയിപ്പ് പരസ്യത്തിനൊപ്പം ചേര്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി.
 

Latest News