ഗുവാഹത്തി (അസം)- പാർട്ടിയുടെ വനിതാ നേതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അസമിലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) അംഗത്തെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കി. വെള്ളിയാഴ്ചയാണ് അസം സംസ്ഥാന ബി.ജെ.പി കിസാൻ മോർച്ചയുടെ വനിതാ നേതാവ് ഗുവാഹത്തി നഗരത്തിലെ വസതിയിൽ ആത്മഹത്യ ചെയ്തത്. മറ്റൊരു പാർട്ടി നേതാവുമായുള്ള അടുപ്പം വ്യക്തമാക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് വനിതാ നേതാവ് ജീവനൊടുക്കിയത്. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോട്ടോകളിൽ വനിതാ നേതാവിനൊപ്പം കണ്ട നേതാവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.