ന്യൂദല്‍ഹി- കനത്ത ചൂടിന് മീതെ ദല്‍ഹിയില്‍ പെയ്ത കനത്ത മഴയില്‍ പാര്‍ലമെന്റ് വളപ്പില്‍ രൂപപ്പെട്ട വെള്ളക്കെട്ട് നീന്തിയാണ് അവിശ്വാസ പ്രമേയ ചര്‍ച്ച കേള്‍ക്കാന്‍ പലരും അകത്തേക്കു കയറിയത്. സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷത്തിന് അനുവദിച്ചിരിക്കുന്ന സമയം കുറവാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. പരിഗണിക്കാമെന്ന് സ്പീക്കര്‍ ഉറപ്പും നല്‍കി. ചര്‍ച്ച ആംരഭിക്കുന്നതിന് മുമ്പ് തന്നെ ബി.ജെ.ഡി അംഗങ്ങള്‍ ഇറങ്ങിപ്പോയി. യു.പി.എ സര്‍ക്കാരും എന്‍.ഡി.എ സര്‍ക്കാരും ഒഡീഷയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു അവരുടെ പരാതി. എന്‍.ഡി.എ ഘടകകക്ഷി ശിവസേനയും വിട്ടുനിന്നു. എ.ഐ.എ.ഡി.എം.കെ ചര്‍ച്ചയില്‍ പങ്കെടുത്തു.
ടി.ഡി.പിയുടെ വിജയവാഡ എം.പി കെസിനേനി ശ്രീനിവാസ് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് അംഗീകരിച്ചതായും ചര്‍ച്ച ആരംഭിക്കുന്നതായും സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു. കഴിഞ്ഞ ബജറ്റ് സമ്മളനത്തില്‍ നടത്തിയ പ്രസംഗത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ഗുണ്ടൂര്‍ എം.പി ജയദേവ് ഗല്ലയേയാണ് ചര്‍ച്ച തുടങ്ങിയത്.
വിഭജനം കൊണ്ട് ആന്ധ്രപ്രദേശ് നേരിടേണ്ടി വന്ന വിഷയങ്ങളില്‍ ഊന്നിയാണ് ജയദേവ് ഗല്ല ഒരു മണിക്കൂറിലധികം സമയമെടുത്തു സംസാരിച്ചത്. അശാസ്ത്രീയവും ജനാധിപത്യ വിരുദ്ധവുമായാണ് ആന്ധ്രയെ വിഭജിച്ചതെന്ന് എംപിയുടെ പരാമര്‍ശത്തില്‍ ടിആര്‍എസ് പലതവണ ഉടക്കി. ബി.ജെ.പി എം.പി രാകേഷ് സിംഗ് ആണ് ചര്‍ച്ചയില്‍ പങ്കെടുത്തു രണ്ടാമത് സംസാരിച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന മുഖ്യമന്ത്രി കുമാര സ്വാമി ഇപ്പോള്‍ കരയുകയാണെന്ന സിംഗിന്റെ പരാമര്‍ശം പ്രതിപക്ഷ ബഹളത്തിനിടയാക്കി. സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ച് സിംഗ് വിവരിക്കുന്നതിനിടെ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന ബലാത്സംഗ യോജനയെക്കുറിച്ചു കൂടി പറയൂ എന്ന് പ്രതിപക്ഷ നിരയില്‍ നിന്ന് കോണ്‍ഗ്രസ് എം.പി സുഷ്മിത ദേബ് വിളിച്ചു പറഞ്ഞത് ചിരി പടര്‍ത്തി.
പിന്നീട് സംസാരിച്ച എ.ഐ.എ.ഡി.എം.കെ അംഗം പി. വേണുഗോപാല്‍ കേന്ദ്ര സര്‍ക്കാര്‍ ചില സംസ്ഥാനങ്ങളോട് ചിറ്റമ്മ നയമാണ് വെച്ചു പുലര്‍ത്തുന്നതെന്ന് കുറ്റപ്പെടുത്തി. വനിതകളുടെ സുരക്ഷയും ആള്‍ക്കൂട്ടങ്ങളുടെ ആക്രമണവുമാണ് രാജ്യം നേരിടുന്ന പ്രധാന രണ്ടു പ്രശ്‌നങ്ങള്‍. കാവേരി ബോര്‍ഡ് രൂപീകരിച്ചതില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു നന്ദിയും പറഞ്ഞു. തന്റെ പാര്‍ട്ടി അവിശ്വാസ പ്രമേയ വോട്ടിംഗില്‍ നിന്നു വിട്ടു നില്‍ക്കുമെന്നും പറഞ്ഞു.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നു ബിജെഡി ഇറങ്ങിപ്പോയതും ശിവസേന വോട്ടെടുപ്പില്‍ നിന്നു വിട്ടു നില്‍ക്കുന്നതും അവര്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗഗത റോയ് പറഞ്ഞു.
പ്രധാനമന്ത്രി ഒരു സെയില്‍സ്മാനെ പോലെ രാജ്യങ്ങള്‍ ചുറ്റിയടിച്ചു നടക്കുന്നു. നീരവ് മോഡി, ലളിത് മോഡി പിന്നെ മറ്റൊരു മോഡിയും കൂടി രാജ്യത്തെ കൊള്ളയടിക്കുന്നു. വിദേശ യാത്രകള്‍ക്കു മാത്രമായി പ്രധാനമന്ത്രി ഇതിനോടകം 1800 കോടി ചെലവഴിച്ചു. എന്താണ് ഈ യാത്രകളില്‍ നിന്നു നേടിയത്. പ്രധാനമന്ത്രി കിസാന്‍ സങ്കല്‍പ് റാലി നടത്തിയിട്ടും കര്‍ഷക ആത്മഹത്യകള്‍ തുടരുകയാണ്. പ്രതിഷേധിക്കുന്ന കര്‍ഷകരെ പോലീസ് വെടിവെച്ചു കൊല്ലുന്നു. നോട്ടു നിരോധനം ഒരു വലിയ തട്ടിപ്പായിരുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. ദളിതര്‍ക്കെതിരായ ആക്രമണങ്ങളും വര്‍ധിച്ചു. റഫാല്‍ ഇടപാടില്‍ രാഹുലിന്റെ ആരോപണങ്ങളെ എതിര്‍ത്ത നിര്‍മല സീതാരാമന്‍ എന്തു കൊണ്ടാണ് ജെറ്റ് വിമാനങ്ങളുടെ വില എത്രയാണെന്ന് വെളിപ്പെടുത്താതെന്നും തൃണമൂല്‍ എംപി ചോദിച്ചു. ബി.ജെ.പി ഇപ്പോള്‍ മുസ്ലിം മുക്ത ഭാരതത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കര്‍ഷക വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്. മോഡി ജനങ്ങള്‍ക്ക് നല്‍കാമെന്നു വാഗ്ദാനം ചെയ്ത 15 ലക്ഷം എവിടെപ്പോയി. തൊഴിലില്ലായ്മയും കാര്‍ഷിക ദുരിതങ്ങളും രാജ്യത്തെ വലയ്ക്കുന്ന പ്രശ്‌നങ്ങളാണെന്നും മുലായം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ദളിത് ബന്ധുവും ദരിദ്ര ബന്ധുവുമായ സര്‍ക്കാരാണെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ പറഞ്ഞത്.
ഇതുവരെ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെങ്കിലും ബിജെപി എംപിമാരും മന്ത്രിമാരും സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരിഹാസം. കഴിഞ്ഞ നാലു വര്‍ഷമായി ബി.ജെ.പി ജനാധിപത്യം സംരക്ഷിക്കുകയും പ്രതിപക്ഷം അതിനെ എതിര്‍ക്കുകയും ചെയ്യുകയായിരുന്നു എന്നാണോ കരുതുന്നത്-അദ്ദേഹം ചോദിച്ചു.തൃണമൂല്‍ കോണ്‍ഗ്രസ് എംപി ദിനേഷ് ത്രിവേദി, ശിരോമണി അകാലിദള്‍ എം.പി പ്രേം സിംഗ് ചന്ദുംരാജ, കേന്ദ്ര മന്ത്രി അനുപ്രിയ പട്ടേല്‍ ആര്‍.ജെ.ഡി നേതാവ് ജയപ്രകാശ് നാരായണ്‍ദേവ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.