മുംബൈ- ഒരാഴ്ച മുമ്പ് കാണാതായ ബിജെപിയുടെ മഹാരാഷ്ട്ര ഘടകത്തിലെ ന്യൂനപക്ഷ വിഭാഗം മേധാവി സന ഖാനെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് ജബൽപൂർ പോലീസ് സ്ഥിരീകരിച്ചു. ജബൽപൂർ, നാഗ്പൂർ പോലീസ് നടത്തിയ സംയുക്ത ഓപ്പറേഷനിൽ മുഖ്യപ്രതിയായ അമിത് എന്ന പപ്പു സാഹുവിനെ അറസ്റ്റ് ചെയ്തു.
അമിതിനെ കാണാൻ നാഗ്പൂരിൽ നിന്ന് മധ്യപ്രദേശിലെ ജബൽപൂരിലേക്ക് പോയ സന, രണ്ട് ദിവസത്തിനകം വീട്ടിലേക്ക് മടങ്ങേണ്ടതായിരുന്നെങ്കിലും തിരികെ വന്നില്ല. മദ്യക്കടത്ത് ബിസിനസിൽ ഏർപ്പെട്ടിരുന്ന അമിത് ഷാ ജബൽപൂരിന് സമീപം വഴിയോര ഭക്ഷണശാല നടത്തുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സനയും പപ്പുവും തമ്മിൽ തർക്കം നിലനിന്നിരുന്നു. ചോദ്യം ചെയ്യലിൽ സന ഖാന്റെ കൊലപാതകം അമിത് സമ്മതിച്ചു. സ്വന്തം വീട്ടിൽ വെച്ച് സനയെ മർദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്രതി മൊഴി നൽകി. മൃതദേഹം ജബൽപൂരിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയുള്ള ഹിരൺ നദിയിൽ എറിഞ്ഞുവെന്നും പ്രതി പറഞ്ഞു. അറസ്റ്റിലായ പ്രതിയുമായി പോലീസ് കുറ്റകൃത്യം നടന്ന സ്ഥലത്ത് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.
സനയും അമിതും വിവാഹിതരാണെന്നും പണത്തെ ചൊല്ലി ഏറെ നാളായി തർക്കം നിലനിന്നിരുന്നതായും പോലീസ് പറഞ്ഞു. അമിതിനെ കാണാൻ സന നാഗ്പൂരിൽ നിന്ന് ജബൽപൂരിലേക്ക് വന്നിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ ചൂടേറിയ തർക്കമുണ്ടായി. തുടർന്ന് അമിത് സനയുടെ തലയിൽ അടിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.