കൊച്ചി- ദുല്‍ഖര്‍ സല്‍മാന്‍ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്നത് വെറുതെയല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഓണം റിലീസായെത്തുന്ന കിംഗ് ഓഫ് കൊത്ത. മലയാളത്തില്‍ റിലീസ് ചെയ്ത സിനിമകളുടെ കാഴ്ചക്കാരുടെ എണ്ണത്തിലും ലൈക്കുകളുടെ എണ്ണത്തിലും എതിരാളികളെ നിഷ്പ്രഭമാക്കി കൊത്തയിലെ രാജാവും സംഘവും കുതിച്ചു പായുകയാണ്.
24 മണിക്കൂറിനുള്ളില്‍ 13 മില്യണില്‍പ്പരം കാഴ്ചക്കാരും 258കെ ലൈക്കുമാണ് യൂട്യൂബില്‍ ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത്, ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതാണ് കൊത്തയിലെ ട്രെയ്‌ലറും. മലയാളത്തിലെ ഒരു സിനിമക്കും ഇതുവരെ ലഭിക്കാത്ത വാന്‍ വരവേല്‍പ്പാണ് കിംഗ് ഓഫ് കൊത്ത കരസ്ഥമാക്കുന്നത്.
ചിത്രത്തിന്റെ കലാപകാര എന്ന ഗാനം 6 മില്യണില്‍പ്പരം കാഴ്ചക്കാരുമായി ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ്. അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച ചിത്രം ആഗസ്റ്റ് 24ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ദുല്‍ഖര്‍ സല്‍മാനൊപ്പം ഐശ്വര്യാ ലക്ഷ്മി, ഡാന്‍സിങ് റോസ് ഷബീര്‍, പ്രസന്ന, നൈലാ ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, വാടാ ചെന്നൈ ശരണ്‍, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.