ന്യൂദൽഹി-മഹാരാഷ്ട്ര മുൻ മന്ത്രി നവാബ് മാലിക്കിന് സുപ്രിംകോടതി രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.
ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവിനെ 2022 ഫെബ്രുവരിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്.
2021 ഒക്ടോബറിൽ മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലിൽ ആന്റി നാർക്കോട്ടിക് ഉദ്യോഗസ്ഥൻ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് നവാബ് മാലിക് വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെക്ക് എതിരെ ആയിരുന്നു നവാബ് മാലിക്കിന്റെ പ്രസ്താവനകൾ. സമീർ വാങ്കഡെ പിന്നീട് അറസ്റ്റിലായി. നിരവധി തവണ നവാബ് മാലിക് കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നൽകിയിരുന്നില്ല. ഗുരുതരമായ അസുഖങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മാലിക്കിന്റെ ആരോഗ്യനില വഷളായി വരികയാണെന്നും, സ്റ്റേജ് 2 മുതൽ സ്റ്റേജ് 3 വരെ വിട്ടുമാറാത്ത വൃക്കരോഗം ബാധിച്ചിട്ടുണ്ടെന്നും മാലിക്കിന്റെ അഭിഭാഷക സംഘം വാദിച്ചു.