ഇംഫാല്‍- മണിപ്പുരില്‍ നടന്ന കലാപത്തിനിടെ ഒരു യുവതികൂടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഒരു യുവതികൂടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ചുരാചന്ദ്പുര്‍ ജില്ലക്കാരിയായ 37 കാരിയാണ് പരാതിക്കാരി. അക്രമികള്‍ വീട് കത്തിച്ചതോടെ രണ്ട് മക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഗ്രാമംവിട്ട് ഓടിപ്പോകുന്നതിനിടെ ഒരുസംഘം ആളുകള്‍ പിടികൂടി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
തന്റേയും കുടുംബത്തിന്റേയും അഭിമാനവും അന്തസ്സും പരിരക്ഷിക്കാനും സമുദായികഭ്രഷ്ട് ഒഴിവാക്കാനും വേണ്ടി താന്‍ നേരിട്ട അതിക്രമത്തെ മറച്ചുവെക്കാനായിരുന്നു താനാദ്യം തീരുമാനിച്ചതെന്ന യുവതി പറയുന്നു. സ്വയം അവസാനിപ്പിക്കുന്നതിനെ കുറിച്ചും പലപ്പോഴും ചിന്തിച്ചിരുന്നതായും ഇവര്‍ പറയുന്നു. ബുധനാഴ്ച ബിഷ്ണുപുര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സീറോ എഫ്ഐആറിനോടൊപ്പം നല്‍കിയ മൊഴിയില്‍ അതിജീവിത വ്യക്തമാക്കി.