Sorry, you need to enable JavaScript to visit this website.

മോഡിക്ക് രാഹുലിന്റെ വിമര്‍ശനവും കെട്ടിപ്പിടുത്തവും; അവിശ്വാസ പ്രമേയ ചര്‍ച്ച തുടരുന്നു

ന്യുദല്‍ഹി- നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ മുന്‍ ബിജെപി സഖ്യകക്ഷി തെലുഗു ദേശം പാര്‍ട്ടി കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തില്‍ ലോക്‌സഭയില്‍ ചൂടേറിയ ചര്‍ച്ച പുരോഗമിക്കുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബിജെപി സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും വിമര്‍ശിച്ചു. റഫാല്‍ ആയുധ ഇടപാടില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ കള്ളം പറഞ്ഞെന്നും പ്രധാനമന്ത്രി മോഡി ഇതിനു വിശദീകരണം നല്‍ണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. സത്യം പറയാനാവില്ല എന്നറിയുന്നതിനാല്‍ മോഡിക്ക് തന്റെ കണ്ണുകളിലേക്ക് നോക്കാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. ബിജെപിയും ആര്‍എസ്എസും തന്നെ വെറുക്കുന്നതു പോലെ പ്രധാമന്ത്രിയോട് തനിക്ക് വെറുപ്പില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി സര്‍ക്കാരിനും മോഡിയുടെ പ്രവര്‍ത്തന രീതിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച രാഹുല്‍ പ്രസഗം ശേഷം നേരെ പ്രധാനന്ത്രിയുടെ ഇരിപ്പിടത്തിനടുത്ത് ചെന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തു നാടകീയ രംഗങ്ങള്‍ക്കും അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ സഭ സാക്ഷിയായി. 

'ഫ്രാന്‍സുമായി സ്വകാര്യതാ കരാര്‍ ഉള്ളതിനാല്‍ റഫാല്‍ ആയുധ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. എന്നാല്‍ അങ്ങനെ ഒരു രഹസ്യ കരാര്‍ ഇല്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നതാണ് വസ്തുത. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ നിന്നും കരാര്‍ പിന്‍വലിച്ച് അത് ഒരു മാന്യന് നല്‍കുകയും അദ്ദേഹം 40,000 കോടി രൂപയോളം ലാഭമുണ്ടാക്കുകയും ചെയ്തു. പ്രതിരോധ മന്ത്രി പറഞ്ഞത് അസത്യമാണെന്ന് വ്യക്തമാണ്. ഈ കരാറില്‍ എന്തു നേട്ടമുണ്ടായെന്ന് പ്രധാമന്ത്രി വിശദീകരിക്കണം. എന്തു കൊണ്ടു ഒരു വ്യവസായിക്ക് ഗുണമുണ്ടായി എന്നു വ്യക്തമാക്കണം,' രാഹുല്‍ പറഞ്ഞു. 'ഇതു കേള്‍ക്കുമ്പോല്‍ അദ്ദേഹം ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ചിരിയില്‍ അസ്വസ്ഥതയുടെ ലാഞ്ചന ഉണ്ട്. അദ്ദേഹം കണ്ണ് വെട്ടിക്കുകയാണ്. എന്റെ കണ്ണിലേക്ക് നോക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. എനിക്കത് മനസ്സിലാകും. പ്രധാനമന്ത്രിക്ക് സത്യം പറയാന്‍ കഴിയില്ലെന്നും എനിക്കു മനസ്സിലാകും,' രാഹുല്‍ പറഞ്ഞു.  

പ്രധാനമന്ത്രിക്കും അമിത് ഷാക്കും അധികാരം നഷ്ടപ്പെടുന്നത് സഹിക്കാനാവില്ല. അതാണ് ഞങ്ങളും അവരും തമ്മിലുള്ള വ്യത്യാസം. പ്രധാനമന്ത്രിയും ബിജെപി പ്രസിഡന്റും പ്രവര്‍ത്തിക്കുന്നത് ഭയം മൂലമാണ്. ഈ ഭയമാണ് ഇന്ത്യയെ ഇന്ന് മാറ്റിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് നടക്കുന്ന ആള്‍കൂട്ട കൊലപാതകങ്ങളില്‍ മോഡി മൗനം തുടരുന്നതും രാഹുല്‍ ചോദ്യം ചെയ്തു. ആര് ആക്രമിക്കപ്പെട്ടാലും അത് രാജ്യത്തിന്റെ ഭരണഘടനയ്ക്കും ബി.ആര്‍ അംബേദ്കറിനും ഈ പാര്‍ലമെന്റിനുമെതിരായ ആക്രമണമാണത്. ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ പ്രധാനമന്ത്രി അതിനെ കുറിച്ച് ഒരക്ഷരം മിണ്ടാറില്ല. അവരൊന്നും ഈ രാജ്യത്തിന്റെ ഭാഗമല്ലെ? ഇതിനെതിരെ നടപടി എടുക്കാതെ പ്രതികളെ പൂമാലയിട്ട് സ്വീകരിക്കുകയാണ് മന്ത്രിമാരെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. 

പൊള്ളവാദങ്ങള്‍ കൊണ്ടുള്ള മിന്നലാക്രമണത്തിനിരയാക്കപ്പെട്ടവരാണ് പ്രതിപക്ഷമെന്ന് രാഹുല്‍ പറഞ്ഞു. ഇതൊതു രാഷ്ട്രീയ ആയുധമാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ പൊള്ളവാദങ്ങള്‍ രാഹുല്‍ അക്കമിട്ടു നിരത്തി. ഓരോരുത്തര്‍ക്കും 15 ലക്ഷം രൂപ വീതം അക്കൗണ്ടിലിട്ടു തരുമെന്നും രണ്ടു കോടി തൊഴിലവസരം സൃഷ്ടിക്കുമെന്നുമുള്ള മോഡിയുടെ വാദങ്ങള്‍ എണ്ണിപ്പറഞ്ഞാണ് രാഹുല്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചത്.
 

Latest News