വാഷിംഗ്ടൺ- റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധത്തിൽ നിഷ്പക്ഷത പുലർത്തിയ ഇമ്രാൻ ഖാനെ രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ 2022 മാർച്ച് 7 ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പാകിസ്ഥാൻ സർക്കാരിനെ പ്രോത്സാഹിപ്പിച്ചതായി യു.എസ് ആസ്ഥാനമായുള്ള വാർത്താ ഏജൻസിയായ ദി ഇന്റർസെപ്റ്റ് റിപ്പോർട്ട് ചെയ്തു.
യു.എസിലെ പാകിസ്ഥാൻ അംബാസഡറും രണ്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും തമ്മിൽ ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഒന്നര വർഷത്തോളം ഇമ്രാൻ ഖാനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കുന്നതിന് വേണ്ടി അമേരിക്ക നിരന്തര ഇടപെടൽ നടത്തിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഇമ്രാൻ ഖാനെ അഴിമതി ആരോപിച്ച് മൂന്നു വർഷത്തെ തടവിന് ശിക്ഷിച്ച് ജയിലിൽ അയച്ചത്.
യുഎസ് ഉദ്യോഗസ്ഥരുമായുള്ള ഏറ്റവും ഒടുവിലെ കൂടിക്കാഴ്ച കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് പാക്കിസ്ഥാനിൽ അവിശ്വാസ വോട്ടെടുപ്പ് നടന്നത്. അതിൽ ഇമ്രാൻ ഖാൻ തോൽക്കുകയും ചെയ്തു. സൈന്യത്തിന്റെ കൂടി പിന്തുണയോടെയാണ് വോട്ടെടുപ്പ് നടന്നത്. തന്നെ പുറത്താക്കാൻ അമേരിക്ക ഇടപെടൽ നടത്തുന്നുണ്ടെന്ന് കഴിഞ്ഞ വർഷം തന്നെ ഇമ്രാൻ ഖാൻ ആരോപിച്ചിരുന്നു. രാജ്യത്തോടായി നടത്തിയ പ്രസംഗത്തിലായിരുന്നു ഇമ്രാൻ ഖാൻ ഇക്കാര്യം പറഞ്ഞത്. തന്നെ നീക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഒരു വിദേശരാജ്യം മുന്നറിയിപ്പ് നൽകിയെന്നും ഇമ്രാൻ ആരോപിച്ചു.