ന്യൂദൽഹി- മണിപ്പൂരിൽ കലാപം അടിച്ചുമർത്തുന്നതിനും നിയന്ത്രിക്കുന്നതിനും സംസ്ഥാന സർക്കാർ കാര്യക്ഷമമായി പ്രവർത്തിച്ചുവെന്നും അതിനാലാണ് സർക്കാരിന് പിരിച്ചുവിടാത്തതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 150-ലധികം പേരുടെ ജീവനെടുത്ത വംശീയ സംഘർഷങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാത്തതെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെ തള്ളിക്കൊണ്ട് എൻ ബിരേൻ സിംഗ് സർക്കാർ കേന്ദ്രവുമായും പൂർണമായും സഹകരിച്ചെന്നും അമിത് ഷാ പറഞ്ഞു.
മേയ് മാസം മുതൽ തുടങ്ങിയ അക്രമങ്ങൾ തടയാൻ കഴിയാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി, സംസ്ഥാനത്ത് രണ്ട് സ്ത്രീകളെ ഒരു ജനക്കൂട്ടം നഗ്‌നരായി പരേഡ് ചെയ്യുന്ന വീഡിയോ വൈറലായ കാര്യവും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.