Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹജ്: ഇബ്രാഹിം നബിയുടെ വിളംബരത്തിന്റെ ഉത്തരം

''ഇബ്രാഹീം നബിക്ക് കഅ്ബാ മന്ദിരത്തിന്റെ സ്ഥാനം നാം സൗകര്യപ്പെടുത്തിയ സന്ദര്‍ഭം സ്മരണീയമാണ്. അദ്ദേഹത്തോട് നാം അരുളി: താങ്കള്‍ യാതൊരു വസ്തുവിനെയും എന്റെ പങ്കാളിയാക്കരുത്; കഅ്ബാ പ്രദക്ഷിണക്കാര്‍ക്കും, നിന്നും കുനിഞ്ഞും സാഷ്ടാംഗം നമിച്ചും പ്രാര്‍ഥന നിര്‍വഹിക്കുന്നവര്‍ക്കും വേണ്ടി എന്റെ ഭവനം ശുദ്ധിയാക്കി വെക്കുക; മാലോകരില്‍ ഹജ് വിളംബരം നിര്‍വഹിക്കുക; കാല്‍നടക്കാരായും വിദൂര ദിക്കുകള്‍ താണ്ടിയെത്തുന്ന മെലിഞ്ഞ സവാരി മൃഗപ്പുറത്തേറിയും താങ്കളുടെ അടുത്തേക്കവര്‍ വരുന്നതാണ് (വി.ഖു: 22:27).
കഅ്ബാ മന്ദിരത്തിന്റെ പുനര്‍നിര്‍മാണം കഴിഞ്ഞ ശേഷം അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം ഇബ്രാഹീം നബി (അ) നടത്തിയ ഹജ് വിളംബരത്തോടെയാണ് അഥവാ ബി.സി രണ്ടായിരത്തിലാണ് ഹജ് കര്‍മങ്ങള്‍ക്ക് തുടക്കമാവുന്നത്.
കഅ്ബ ലക്ഷ്യം നിര്‍ണയിച്ചുള്ള യാത്രയാണ് അല്‍ഹജ് എന്ന പദത്തിന്റെ ഭാഷാര്‍ഥം. ഹിജ്‌റ വര്‍ഷത്തിലെ ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പകുതിയില്‍ മക്കയില്‍ നിര്‍ദിഷ്ട കര്‍മങ്ങള്‍ ചെയ്യുന്നതിനു വേണ്ടി നടത്തപ്പെടുന്ന തീര്‍ഥാടനമാണ് ഇസ്‌ലാമില്‍ ഹജ്. ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും വിശ്വാസി ഹജ് കര്‍മം നിര്‍വഹിച്ചിരിക്കണമെങ്കിലും സാധിക്കുമെങ്കില്‍ ഒന്നിലേറെ തവണ ചെയ്യുന്നതും പുണ്യമാണ്. ആരോഗ്യമില്ലാത്തവരും സാമ്പത്തിക സൗകര്യവും യാത്രാ സൗകര്യവുമില്ലാത്തവരും ഹജ് ബാധ്യതയില്‍ നിന്നൊഴിവാകും. ശരീരവും വഴിയും സുരക്ഷിതമായതോടു കൂടി ആവശ്യമായ സാമ്പത്തിക ശേഷിയും നിബന്ധനയാക്കിയാണ് ഹജിനെ ഇസ്‌ലാം നിര്‍ബന്ധമാക്കിയത്. മാനുഷിക കടമകളെല്ലാം തീര്‍ത്ത് പുണ്യഭൂമിയിലെത്തി വിനയാന്വിതനായി റബ്ബിനോട് ലയിച്ചു ചേരുന്നത് വഴി ഹജ് പാപമുക്തമായ നവജീവിതമാണ് വിശ്വാസിക്ക് പ്രധാനം ചെയ്യുന്നത്.
മക്കയില്‍ ചെന്ന് കഅ്ബ പ്രദക്ഷിണം ചെയ്യുക, കഅ്ബക്കടുത്തുള്ള സ്വഫാ, മര്‍വ കുന്നുകള്‍ക്കിടയില്‍ ഏഴു പ്രാവശ്യം നടക്കുക, ദുല്‍ഹിജ്ജ എട്ടാം നാള്‍ കഅ്ബയുടെ ഏതാണ്ട് ആറു കിലോമീറ്റര്‍ അകലെയുള്ള മിനായില്‍ ചെന്നു താമസിക്കുക, ഒമ്പതിന് പകല്‍ അറഫാ മൈതാനത്ത് ചെന്ന് പ്രാര്‍ഥനാനിമഗ്നരാവുക, അന്നു രാത്രി അറഫക്കും മിനാക്കുമിടയിലുള്ള മുസ്ദലിഫ എന്ന സ്ഥലത്ത് താമസിക്കുക, പിറ്റേ ദിവസം മിനായിലേക്ക് മടങ്ങിവന്ന് ജംറകളില്‍ കല്ലെറിയുക, രണ്ടോ മൂന്നോ നാള്‍ മിനായില്‍ തന്നെ കഴിഞ്ഞുകൂടുക, ഈ സമയത്ത് കല്ലേറു കര്‍മം നിര്‍വഹിക്കുക, അതിനിടയില്‍ മൃഗബലി നടത്തിയ ശേഷം മുടി മുറിച്ചു ഇഹ്‌റാമില്‍നിന്നു മുക്തനാകുക. ഇതാണ് ഹജിന്റെ സുപ്രധാന ചടങ്ങുകള്‍.
ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: 'കുറ്റകരമായ കാര്യവും ലൈംഗിക ചോദനയും കൂടാതെ ഒരാള്‍ ഹജ് നിര്‍വഹിച്ചു മടങ്ങിയാല്‍ മാതാവ് പ്രസവിച്ച ദിനം പോലെ പരിശുദ്ധമായാണവന്‍ തിരിച്ചു വരുന്നത്'. വേറെ ഒരു ഹദീസില്‍ ഇപ്രകാരം കാണാം: 'ഒരു ഉംറ നിര്‍വഹിച്ച് പിന്നീട് മറ്റൊരു ഉംറ കൂടി നിര്‍വഹിക്കുമ്പോള്‍ അവക്കിടയിലുള്ള കാലത്തെ പാപങ്ങള്‍ പൊറുക്കപ്പെടും. സ്വീകാര്യമായ ഹജിന്റെ പ്രതിഫലം സ്വര്‍ഗമല്ലാതെ മറ്റൊന്നില്ല.' 'ഹജ് ചെയ്യുന്നവരും ഉംറ നിര്‍വഹിക്കുന്നവരും അല്ലാഹുവിന്റെ അടുത്തേക്കുള്ള നിവേദകരും സന്ദര്‍ശകരുമാണ്. അവര്‍ അല്ലാഹുവിനോട് ചോദിച്ചാല്‍ അവന്‍ അവര്‍ക്ക് നല്‍കുന്നു. അവര്‍ പാപമോചനം തേടിയാല്‍ അവന്‍ അത് സാധ്യമാക്കുന്നു. അവര്‍ പ്രാര്‍ഥിച്ചാല്‍ അവന്‍ ഉത്തരം ചെയ്യുന്നു. അവര്‍ ശുപാര്‍ശ തേടിയാല്‍ ആ ശുപാര്‍ശ സ്വീകരിക്കപ്പെടുന്നു.' അബൂ ഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസില്‍ ഇങ്ങനെയും കാണാം.
അഞ്ച് നിര്‍ബന്ധ കാര്യങ്ങളാണ് (ഫര്‍ളുകള്‍) ഹജിനുള്ളത്. ഇഹ്‌റാം, ത്വവാഫ്, സഅ്‌യ്, അറഫയില്‍ നില്‍ക്കല്‍, മുടി കളയല്‍ എന്നിവയാണവ. അവയില്‍ ഇഹ്‌റാമും മുടി കളയലും ഒഴിച്ചാല്‍ ബാക്കിയുള്ള മൂന്ന് കര്‍മങ്ങളും സുദൃഢമായ സാമൂഹിക ഐക്യം പ്രചോദിപ്പിക്കുന്നവയാണ്. മുശ്‌രിക്കുകള്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചിരുന്ന സഫയുടെയും മര്‍വയുടെയും ഇടയിലുള്ള താഴ്‌വാരത്തില്‍ ഏഴു തവണ നടക്കുകയെന്ന സഅ്‌യ് കര്‍മവും വിവിധ തരം വിഗ്രഹങ്ങള്‍ സ്ഥാപിച്ചിരുന്ന കഅ്ബയെ പ്രദക്ഷിണം ചെയ്യുകയെന്ന ത്വവാഫും തൗഹീദിന്റെ മുഖ്യധാരയിലേക്ക് മനസ്സിനെ ആനയിക്കുന്നു. അറഫാ മൈതാനിയില്‍ പണ്ഡിതനും പാമരനും രാജാവും പ്രജയും ഭേദമന്യേ ഒരേ വസ്ത്രധാരണയില്‍ ഒന്നിച്ച് അല്ലാഹുവില്‍ ലയിക്കുമ്പോള്‍ ഇസ്‌ലാമിന്റെ സാഹോദര്യവും ഐക്യദാര്‍ഢ്യവും ഹൃദയസ്പൃക്കായി നിലകൊള്ളുന്നു.
അല്ലാഹുവിനോടുള്ള ഭക്തിയുടെയും പിശാചിനോടുള്ള വിരോധത്തിന്റെയും മനുഷ്യന്റെ ആത്മ സമര്‍പ്പണത്തിന്റെയും പ്രതീകമായ ഹജിന്റെ ചടങ്ങുകളില്‍ ഇസ്‌ലാമിക ചരിത്ര സംഭവങ്ങളുടെ ഓര്‍മക്കുറിപ്പുകള്‍ കൂടിയുണ്ട്. കാലദേശങ്ങള്‍ക്കതീതമായ വിശ്വാസത്തിന്റെയും ആ വിശ്വാസത്തിലധിഷ്ഠിതമായ ധര്‍മ വ്യവസ്ഥയുടെയും സാര്‍വദേശീയ സാഹോദര്യത്തിന്റെയും പ്രകടനമായും ഹജ് വിലയിരുത്തപ്പെടുന്നു.
ഇബ്രാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും ത്യാഗോജ്വല ജീവിതത്തിന്റെയും സമര്‍പ്പണത്തിന്റെയും മഹിത സന്ദേശം കൂടി ഹജിന്റെ പിന്നാമ്പുറത്തുണ്ട്. ഇബ്രാഹീം നബിയും ഇസ്മാഈല്‍ നബിയും കല്ലുകള്‍ ചുമന്ന് കഅ്ബ പുനര്‍നിര്‍മിക്കാന്‍ അനുഭവിച്ച കഷ്ടപ്പാടുകളും ഹജില്‍ നിന്ന് വായിച്ചെടുക്കാം.
ദാഹിച്ചവശനായ ഇസ്മാഈലിനെ സഫാ മര്‍വക്കിടയില്‍ കിടത്തി മാതാവ് ഹാജറ രണ്ട് പര്‍വതങ്ങള്‍ക്കിടയില്‍ ചുറ്റി നടന്നത്, ഇസ്മാഈല്‍ കിടന്ന് കാലിട്ടടിച്ച സ്ഥലത്ത് സംസം തീര്‍ഥം ചാലിട്ടൊഴുകിയത്, ഇസ്മാഈല്‍ നബിയെ പിതാവായ ഇബ്രാഹീം നബി അല്ലാഹുവിന്റെ ആജ്ഞ പ്രകാരം അറുക്കുവാന്‍ കൊണ്ടുപോയത്.... സ്മൃതിപഥങ്ങളില്‍ ചരിത്രം ഒഴുകിയെത്തുന്ന നിരവധി സംഭവ വികാസങ്ങള്‍ക്ക് സാക്ഷിയായ പുണ്യഭൂമികളിലാണ് ഹജ് ബന്ധപ്പെട്ടിരിക്കുന്നത്.
----
 
 
 

Latest News