ഒരു പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന നായികാനായകൻ എന്ന റിയാലിറ്റി ഷോയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും പോയ വർഷത്തെ മികച്ച നടിയായി തെരഞ്ഞെടുക്കുകയും ചെയ്ത വിൻസി അലോഷ്യസിനെ ഓർമയില്ലേ. വിൻസിയോടൊപ്പം റിയാലിറ്റി ഷോയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച മറ്റൊരു കലാകാരിയായിരുന്നു ദർശന എസ്. നായർ. ആതുര സേവന രംഗത്തുനിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേയ്ക്കു കടക്കാൻ ദർശനയ്ക്ക് പ്രചോദനമായതും നായികാനായകൻ എന്ന റിയാലിറ്റി ഷോയായിരുന്നു. റിയാലിറ്റി ഷോയുടെ വിധികർത്താവായിരുന്ന സംവിധായകൻ ലാൽ ജോസ് തന്നെയാണ് ഇരുവർക്കും സിനിമയിലേയ്ക്കുള്ള വഴിയൊരുക്കിയത്.
ലാൽ ജോസിന്റെ സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിലൂടെയായിരുന്നു ദർശനയുടെ സിനിമ അരങ്ങേറ്റം. സുഹൃത്തുക്കളായ രണ്ടു വനിത പോലീസുകാരുടെ ജീവിതവും പ്രണയവും ഇതിവൃത്തമാക്കിയൊരുക്കിയ ചിത്രം. ജീവിതത്തിലെ പ്രതിസന്ധികളോട് പടവെട്ടി ആഗ്രഹിച്ച ജോലി സമ്പാദിച്ചവരാണ് പോലീസ് കോൺസ്റ്റബിൾമാരായ ഗ്ലെന തോമസും സുജയും. വിൻസിയും ദർശനയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പോലീസ് അക്കാദമിയിൽ തുടങ്ങിയ ബന്ധമാണ് ഇവരെ ഉറ്റ ചങ്ങാതിമാരാക്കിയത്. ട്രാഫിക്കിലെ ബുദ്ധിമുട്ടുകളിൽ സഹികെട്ട് ലോക്കൽ സ്റ്റേഷനിലേയ്ക്കു മാറുകയെന്നതായിരുന്നു സുജയുടെ സ്വപ്‌നം. അതിനിടയിലാണ് കർക്കശക്കാരനായ സർക്കിൾ ഇൻസ്‌പെക്ടർ സോളമന്റെ വരവ്. അതോടെയാണ് ഈ പെൺകുട്ടികളുടെ ജീവിതം മാറിമറിയുന്നത്. നിയമത്തിന്റെ മുന്നിലേയ്ക്ക് തേനീച്ചകളെപ്പോലെ യഥാർഥ കുറ്റവാളികൾ പാറിവരികയാണ്.
സോളമന്റെ തേനീച്ചകൾക്കു ശേഷം ദർശന നായികയാകുന്ന ചിത്രമാണ് പാപ്പച്ചൻ ഒളിവിലാണ്. പാപ്പച്ചന്റെ പഴയ കാമുകിയായ സിസിലിക്കുട്ടിയുടെ വേഷത്തിലാണ് ദർശനയെത്തുന്നത്. ഇടുക്കിയിലെ മാമലക്കുന്ന് എന്ന മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ജീപ്പ് ഡ്രൈവറായ പാപ്പച്ചന്റെ ജീവിതമാണ് ഇതിവൃത്തം. അപ്പൻ മാത്തച്ചൻ കാടു വിറപ്പിച്ച പഴയ വേട്ടക്കാരനായിരുന്നെങ്കിൽ മകനാകട്ടെ അപ്പന്റെ ധീരതയുടെ തഴമ്പ് ലവലേശം തൊട്ടുതീണ്ടിയിട്ടില്ലായിരുന്നു. നാട്ടിൽ ആളാകാൻ വേണ്ടി നടത്തുന്ന കുറുക്കുവഴികളും അതുണ്ടാക്കുന്ന പൊല്ലാപ്പുകളും പാപ്പച്ചനെ പരിഹാസ്യനാക്കുകയാണ്. മീശ മാത്തച്ചൻ തോക്കുകൊണ്ട് നായാടുമ്പോൾ മകൻ പാപ്പച്ചൻ നാവുകൊണ്ടാണ് വിളയാടുന്നത്. മലയോര ഗ്രാമത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ നേർചിത്രം കൂടിയാണ് വരച്ചുകാട്ടാൻ ശ്രമിച്ചിരിക്കുന്നത്. സിന്റോ സണ്ണി കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. കാവൽ മാലാഖയുടെ വേഷം അഴിച്ചുവെച്ച് സിനിമയുടെ വെള്ളിവെളിച്ചത്തിലേയ്ക്കു കടന്നുവന്ന ദർശന മനസ്സ് തുറക്കുന്നു.
?സിനിമ പശ്ചാത്തലം
കുടുംബത്തിൽ ആരും സിനിമ രംഗത്തുണ്ടായിരുന്നില്ല. എന്നാൽ എനിക്കാകട്ടെ കുട്ടിക്കാലംതൊട്ടേ സിനിമയോടും അഭിനയത്തോടും വലിയ ക്രേസായിരുന്നു. അക്കാലത്ത് ദൂരദർശൻ സംപ്രേഷണം ചെയ്യുന്ന സിനിമകളെല്ലാം കാണുമായിരുന്നു. സിനിമ ലോകം എത്തിപ്പിടിക്കാൻ കഴിയാത്ത ഒരു മേഖലയാണെന്നായിരുന്നു അന്നു മനസ്സിലുണ്ടായിരുന്നത്. കോട്ടയം ജില്ലയിലെ പാലായിലാണ് ജനിച്ചുവളർന്നത്. സ്‌കൂൾ പഠനകാലത്തും പിന്നീട് ദൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിലെ നഴ്‌സിംഗ് പഠന കാലയളവിലും നൃത്തത്തിലും നാടകങ്ങളിലുമെല്ലാം വേഷമിട്ടിരുന്നു. ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടില്ലെങ്കിലും കുട്ടിക്കാലംതൊട്ടേ ഡാൻസിനോട് ഇഷ്ടമുണ്ടായിരുന്നു. എയിംസിലെ പഠനകാലത്താണ് മഴവിൽ മനോരമയിലെ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലേയ്ക്കുള്ള ഒഡീഷനിൽ പങ്കെടുക്കുന്നത്. ഒഡീഷനിൽ വിജയിക്കുകയും റിയാലിറ്റി ഷോയിൽ മത്സരാർഥിയാവുകയുമായിരുന്നു.
?നായികാനായകൻ നൽകിയ പാഠം
സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമെല്ലാമുള്ള ആദ്യപാഠം പകർന്നുകിട്ടിയത് റിയാലിറ്റി ഷോയിലൂടെയായിരുന്നു. വിധികർത്താക്കളായ ലാൽജോസ് സാറും സംവൃതാ സുനിലും ചാക്കോച്ചനുമെല്ലാം ഓരോ ചെറിയ ചലനങ്ങൾ പോലും വ്യക്തമായി പറഞ്ഞുതന്നു. സിനിമയോടുള്ള താൽപര്യമുണ്ടാകുന്നത് ഈ റിയാലിറ്റി ഷോയിലൂടെയാണ്. സിനിമ രംഗത്തുള്ള നിരവധി പേരുമായി അടുത്തു പരിചയപ്പെടാനും ഈ ഷോയിലൂടെ കഴിഞ്ഞിരുന്നു.
?അഭിനയം തുടങ്ങിയത്
ലാൽജോസ് സാറിന്റെ സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തന്റെ ചിത്രത്തിൽ അവസരം നൽകാമെന്ന് റിയാലിറ്റി ഷോയിൽ െവച്ചുതന്നെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ആ വാഗ്ദാനമായിരുന്നു അദ്ദേഹം നിറവേറ്റിയത്. അഭിനയത്തിൽ എന്റെ സ്‌കൂളാണ് ലാൽജോസ് സാർ എന്നു പറയാം. അഭിനയത്തെക്കുറിച്ചും ക്യാമറയ്ക്കു മുന്നിൽ എങ്ങനെ നിൽക്കണമെന്നും അദ്ദേഹം പറഞ്ഞുതന്നു. സെറ്റിൽ എങ്ങനെ പെരുമാറണമെന്നു വരെ അദ്ദേഹം പറഞ്ഞുതരുമായിരുന്നു. ചിത്രീകരണത്തിനു മുമ്പു തന്നെ എല്ലാവർക്കും കൃത്യമായ പരിശീലനമെല്ലാം നൽകിയിരുന്നെങ്കിലും ക്യാമറയ്ക്കു മുന്നിലെത്തിയപ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അത്തരം ടെൻഷനുകളെല്ലാം മാറി. പിന്നീട് സിനിമയുമായി ഇണങ്ങിപ്പോവുകയായിരുന്നു. ഇപ്പോഴും അഭിനയ ജീവിതത്തിൽ എന്തെങ്കിലും കൺഫ്യൂഷൻ തോന്നിയാൽ ആദ്യം വിളിക്കുന്നത് അദ്ദേഹത്തെ തന്നെയാണ്. നല്ലൊരു അഭിനേതാവാകാനല്ല, നല്ല വ്യക്തിയായിരിക്കുക എന്നതിനായിരിക്കണം പ്രാമുഖ്യം നൽകേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞുതന്നത്.
?സിനിമയിൽ എത്തിയില്ലെങ്കിൽ ആരാകുമായിരുന്നു
ബേസിക്കലി ഞാൻ നഴ്‌സാണ്. സിനിമയിലെത്തിയില്ലെങ്കിൽ ആതുര സേവന രംഗത്ത് തുടരുമായിരുന്നു. പഠിപ്പിസ്റ്റല്ലെങ്കിലും പഠിക്കാൻ ഇഷ്ടമായിരുന്നു. രക്ഷപ്പെടണമെങ്കിൽ പഠിക്കണം എന്ന ചിന്തയായിരുന്നു അതിനു പിന്നിൽ. അങ്ങനെയാണ് ഈ മേഖലയിലെത്തിയത്.
?അഭിനേതാക്കളിൽ ആരെയാണ് കൂടുതലിഷ്ടം
ഞാനാരുടെയും ഫാൻ അല്ല. എങ്കിലും അവർ അവതരിപ്പിച്ച കഥാപാത്രങ്ങളെ ഇഷ്ടമാണ്. അമരത്തിലെ മമ്മൂക്കയുടെ അച്ചൂട്ടിയെ ഇഷ്ടമാണ്. ലാലേട്ടന്റെ കിലുക്കത്തിലെ അഭിനയം ഇഷ്ടമാണ്. ശോഭന മാമിന്റെ മണിച്ചിത്രത്താഴ്, മഞ്ജുചേച്ചിയുടെ കന്മദം, കണ്ണെഴുതി പൊട്ടുംതൊട്ട്... തുടങ്ങിയവയെല്ലാം അക്കൂട്ടത്തിലുണ്ട്.
?വീട്ടിലെ സഹകരണം
അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാം നല്ല സപ്പോർട്ടാണ്. അച്ഛൻ സുദർശൻ കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറായിരുന്നു. അമ്മ ലത സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്നു. അനുജത്തി അർച്ചന പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിൽ അധ്യാപികയാണ്. മറ്റൊരു അനുജത്തി അഞ്ജന സ്റ്റെല്ല മേരീസിൽ ബിരുദ വിദ്യാർഥിനിയാണ്.
?പുതിയ ചിത്രങ്ങൾ
ഇതുവരെ നാലു ചിത്രങ്ങളിൽ മാത്രമേ വേഷമിട്ടിട്ടുള്ളൂ. സോളമന്റെ തേനീച്ചകൾ ആയിരുന്നു ആദ്യ ചിത്രം. രണ്ടാമത്തെ ചിത്രമായ പാപ്പച്ചൻ ഒളിവിലാണ് ഈയിടെയാണ് പുറത്തിറങ്ങിയത്. കൂടാതെ രണ്ടു ചിത്രങ്ങളിൽ കൂടി അഭിനയിച്ചുകഴിഞ്ഞു. അവയും പുറത്തിറങ്ങാനിരിക്കുന്നു. ഒന്നും മുൻകൂട്ടി പ്രവചിക്കാനാവില്ല. കഴിയുന്നിടത്തോളം ഈ രംഗത്ത് തുടരാനാണ് ആഗ്രഹം.