ദുൽഖർ സൽമാൻ തന്റെയും എല്ലാവരുടെയും സ്വീറ്റ്ഹാർട്ടാണെന്ന് ശാന്തികൃഷ്ണ. ദുൽഖറിന്റെ ഓണം റിലീസായ കിംഗ് ഓഫ് കൊത്തയിൽ മാലിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ശാന്തികൃഷ്ണ. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത ഏറെ പ്രതീക്ഷയുള്ള ചിത്രമാണെന്നും ഒരു രണ്ടാം തലമുറക്കൊപ്പമാണ് താൻ ഈ ചിത്രത്തിൽ പ്രവർത്തിച്ചതെന്നും ശാന്തികൃഷ്ണ പറഞ്ഞു.
ജോഷി സാറിനും മമ്മൂക്കക്കുമൊപ്പം കൗരവർ എന്ന പടം ചെയ്തിട്ടുണ്ട്. തിലകൻ ചേട്ടനും ഉണ്ടായിരുന്നു ആ ചിത്രത്തിൽ. ഇന്ന് കിംഗ് ഓഫ് കൊത്തയിൽ ദുൽഖർ സൽമാൻ, അഭിലാഷ് ജോഷി, ഷമ്മി തിലകൻ എന്നിവർക്കൊപ്പം പ്രവർത്തിക്കുന്നു. മമ്മൂക്ക, തിലകൻ, ജോഷി സാർ എന്നിവരുടെ നെക്സ്റ്റ് ജനറേഷനൊപ്പം ഒരു പടം ചെയ്യാൻ സാധിച്ചതിൽ അഭിനേത്രി എന്ന നിലയിൽ എനിക്ക് ഒത്തിരി സന്തോഷമുണ്ട് -ശാന്തികൃഷ്ണ പറഞ്ഞു.
ദുൽഖർ സൽമാൻ എല്ലാവരുടെയും സ്വീറ്റ്ഹാർട്ട് ആണ,് എന്റെയും കൂടിയാണ്. കൊത്ത മുഴുനീള ദുൽഖർ ചിത്രമാണ്. എനിക്ക് പ്രിയപ്പെട്ട ദുൽഖറിനോടൊപ്പം ഒരു പടം ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ശാന്തികൃഷ്ണ പറഞ്ഞു.
സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷബീർ കല്ലറക്കൽ, പ്രസന്ന, വടചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.
സ്‌ക്രിപ്റ്റ് അഭിലാഷ് എൻ. ചന്ദ്രൻ, ഛായാഗ്രഹണം നിമീഷ് രവി, എഡിറ്റർ ശ്യാം ശശിധരൻ.
ജേക്‌സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീതം. പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കൊറിയോഗ്രഫി ഷെരീഫ്.