ന്യൂഡൽഹി - 'പാർലമെന്റിൽ രാഹുൽ ഗാന്ധി ഫ്‌ളൈയിങ് കിസ് (പറക്കും ചുംബനം) നൽകിയെന്ന' കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണത്തിൽ പ്രതികരിച്ച് നടിയും മഥുരയിൽനിന്നുള്ള ബി.ജെ.പി ലോക്‌സഭാംഗവുമായ ഹേമമാലിനി.
രാഹുൽ ഫ്‌ളൈയിംഗ് കിസ് നൽകിയത് താൻ കണ്ടില്ലെന്നാണ് ഹേമമാലിനി മാധ്യമപ്രവർത്തകയോട് പ്രതികരിച്ചത്. ബി.ജെ.പി വനിതാ അംഗങ്ങൾക്കുനേരേ രാഹുൽ ഗാന്ധി ഫ്‌ളൈയിങ് കിസ് നൽകിയത് നിങ്ങൾ കണ്ടോ എന്നായിരുന്നു ഇന്ത്യാ ടുഡേ മാധ്യമപ്രവർത്തകയുടെ ചോദ്യം. 'എനിക്കറിയില്ല. ഞാനതു കണ്ടില്ല.' എന്നായിരുന്നു ഹേമമാലിനിയുടെ മറുപടി.
എന്നാൽ, സ്പീക്കർ ഓം ബിർലയ്ക്ക് പരാതി നൽകിയ ബി.ജെ.പി വനിതാ എം.പിമാരുടെ കൂട്ടത്തിൽ ഹേമമാലിനിയുടെ പേരും ഉണ്ടെന്നതാണ് അതിലേറെ രസാവഹം.
മണിപ്പൂർ പ്രശ്‌നത്തിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ ചർച്ചയിൽ കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച രാഹുൽ ഗാന്ധി പ്രസംഗത്തിനുശേഷം സഭയിൽ നിന്നിറങ്ങവെ വനിതാ ബി.ജെ.പി അംഗങ്ങളെ നോക്കി ഫ്‌ളൈയിങ് കിസ് നൽകിയെന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചത്. ഇതിനെ ഏറ്റുപിടിച്ച് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജയും രംഗത്തെത്തുകയായിരുന്നു.
'മിസ്റ്റർ സ്പീക്കർ, ഞാനൊരു എതിർപ്പ് ഉന്നയിക്കുന്നു. എനിക്ക് മുമ്പ് സംസാരിച്ചയാൾ ഒരു മോശം അടയാളം കാണിച്ചു. പാർലമെന്റിലെ വനിതാ അംഗത്തിന് നേരെ ഒരു സ്ത്രീവിരുദ്ധന് മാത്രമേ ഫ്‌ളൈയിങ് കിസ് നൽകാനാകൂ. ഇത്തരം മോശം പ്രവൃത്തി പാർലമെന്റിന്റെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ല. അതാ കുടുംബത്തിന്റെ സംസ്‌കാരമാണ്' എന്നായിരുന്നു രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെ സ്മൃതി ഇറാനിയുടെ വാക്കുകൾ.