ന്യൂദൽഹി- കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ 'പറക്കും ചുംബന'ത്തെച്ചൊല്ലിയുള്ള ബി.ജെ.പി എം.പി സ്മൃതി ഇറാനിയുടെ പ്രതികരണത്തിൽ വിശദീകരണവുമായി കോൺഗ്രസ്. രാഹുൽ ഗാന്ധി ട്രഷറി ബെഞ്ചുകളിലേക്കാണ് ആംഗ്യം കാണിച്ചതെന്നും അത് ഒരു മന്ത്രിക്കും നേരെയല്ലെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
'സഹോദരന്മാരേ, സഹോദരിമാരേ എന്ന് വിളിച്ചാണ് രാഹുൽ ഗാന്ധി ട്രഷറി ബെഞ്ചുകൾക്ക് നേരെ ആംഗ്യം കാണിച്ചത്. അത് ഏതെങ്കിലും പ്രത്യേക മന്ത്രിയോടെ എം.പിയോടോ അല്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. അവിശ്വാസ പ്രമേയ ചർച്ചക്ക് പിന്നാലെ ലോക്‌സഭയിൽനിന്നിറങ്ങിയ രാഹുൽ ഗാന്ധി ഫ്‌ളയിംഗ് കിസ് നൽകിയെന്നാണ് സ്മൃതി ഇറാനി ആരോപിച്ചത്.
'എനിക്ക് മുന്നേ സംസാരിക്കാൻ അവസരം ലഭിച്ചയാൾ പോകുന്നതിന് മുമ്പ് അപമര്യാദയായി പെരുമാറി. പാർലമെന്റിലെ വനിതാ അംഗങ്ങൾ ഇരിക്കുന്ന പാർലമെന്റിൽ പറക്കും ചുംബനം നൽകാൻ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്തരമൊരു മാന്യതയില്ലാത്ത പെരുമാറ്റം പാർലമെന്റിൽ ഇതുവരെ കണ്ടിട്ടില്ല-സ്മൃതി ഇറാനി പറഞ്ഞു.
പിന്നീട്, പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ, 'ഒരു പുരുഷന്റെ സ്ത്രീവിരുദ്ധമായ പെരുമാറ്റം പാർലമെന്റിൽ മുമ്പൊരിക്കലും ദൃശ്യമായിട്ടില്ലെന്നും അവർ പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ നിരവധി വനിതാ എം.പിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ശോഭ കരന്ദ്ലാജെ പറഞ്ഞു.
'ഇത് ഒരു അംഗത്തിന്റെ അനുചിതവും മര്യാദയില്ലാത്തതുമായ പെരുമാറ്റമാണ്. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് മുതിർന്ന അംഗങ്ങൾ പറയുന്നത്... എന്താണിങ്ങിനെ ഒരു പെരുമാറ്റം? എന്തൊരു നേതാവാണ് അദ്ദേഹം? ഞങ്ങൾ സ്പീക്കറോട് പരാതിപ്പെട്ടു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ എടുത്ത് അയാൾക്കെതിരെ നടപടിയെടുക്കണം. ഇതാണ് ഞങ്ങൾ ആവശ്യപ്പെട്ടത്-അവർ കൂട്ടിച്ചേർത്തു.