ന്യൂദൽഹി- അവിശ്വാസ പ്രമേയത്തിന്മേലുള്ള പ്രസംഗത്തിന് ശേഷം പാർലമെന്റിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി പറക്കും ചുംബനം നൽകിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണം. സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ വനിതാ എം.പിമാർ ഇരിക്കുന്ന പാർലമെന്റിലേക്ക് ഒരു പറക്കും ചുംബനം നൽകാൻ കഴിയൂവെന്നും രാഹുൽ ഗാന്ധിയുടെ നടപടി മാന്യതയില്ലാത്തതാണെന്ന് അവർ ആരോപിച്ചു. സ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി വനിതാ എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകി.
ഇന്ത്യയെ കൊലപ്പെടുത്തിയെന്ന് ഒരാൾ ഇതാദ്യമായാണ് പ്രസ്താവന നടത്തുന്നതെന്നും ഈ സമയത്ത് കോൺഗ്രസ് നേതാക്കൾ രാഹുലിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും സ്മൃതി ഇറാനി ആരോപിച്ചു. നിങ്ങൾ ഇന്ത്യയല്ല, കാരണം നിങ്ങൾ ഇന്ത്യയിലെ അഴിമതിയാണ്. നിങ്ങൾ കഴിവില്ലാത്തവരാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
അവിശ്വാസ പ്രമേയത്തിൻമേൽ ഇന്ന് തുടങ്ങിയ ചർച്ചയിൽ മോഡിക്കും ബി.ജെ.പിക്കും എതിരെ കടുത്ത ആരോപണങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. മോഡിയുടെ ഇന്ത്യയിൽ മണിപ്പൂരില്ലെന്നും അഹങ്കാരവും വിദ്വേഷവുമാണ് ബി.ജെ.പിയെ നയിക്കുന്നതെന്നും രാഹുൽ ആരോപിച്ചിരുന്നു.