ന്യൂദൽഹി-വിദ്യാർത്ഥി ആക്ടിവിസ്റ്റ് ഉമർ ഖാലിദ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര പിന്മാറിയതിനെ തുടർന്ന് സുപ്രീം കോടതി കേസ് മാറ്റിവെച്ചു.സഹോദരന് (ജസ്റ്റിസ് പി.കെ. മിശ്ര) ചില ബുദ്ധിമുട്ടുകളുണ്ടെന്നും കേസ് മറ്റേതെങ്കിലും ബെഞ്ച് മുമ്പാകെ വരുമെന്നും ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഓഗസ്റ്റ് 17-ന് മറ്റൊരു ബെഞ്ചിന് മുമ്പാകെ ഹരജി ലിസ്റ്റ് ചെയ്യാൻ കോടതി നിർദ്ദേശിച്ചു. 2020 ലെ ദൽഹി കലാപവുമായി ബന്ധപ്പെട്ട വലിയ ഗൂഢാലോചന കേസിലാണ് നിയമവിരുദ്ധ പ്രവർത്തന പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം ഉമർ ഖാലിദിനെ അറസ്റ്റ് ചയ്ത് കുറ്റം ചുമത്തിയത്.ദൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെയാണ് ഉമർ ഖാലിദ് സുപ്രീം കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, ജസ്റ്റിസ് രജനീഷ് ഭട്നാഗർ എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ വർഷം ഒക്ടോബർ 18 ന് ജാമ്യം തേടിയുള്ള ഉമർ ഖാലിദിന്റെ അപ്പീൽ തള്ളിയിരുന്നു. യുഎപിഎ കേസിൽ ജാമ്യം നിഷേധിച്ച വിചാരണക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌തായിരുന്നു ഹരജി. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രതിഷേധത്തിനിടെ അമരാവതിയിൽ നടത്തിയ അപകീർത്തികരമായ പ്രസംഗങ്ങളാണ് കലാപക്കേസിൽ ഉമർ ഖാലിദിനെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം.