Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍ അര്‍ധരാത്രിയില്‍ കരിക്കിന്‍  കുലയുമായി സിദ്ദിഖ് പോലീസിന്റെ മുമ്പില്‍ 

കോട്ടയം-കൊച്ചിയില്‍ അര്‍ധരാത്രിയില്‍ കരിക്കിന്‍ കുലയുമായി സിദ്ദിഖ് ബീറ്റ് പോലീസിന്റെ മുമ്പില്‍ പെട്ട കാര്യം അനുസ്മരിച്ചത് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഹക്കീം നട്ടാശേരിയാണ്. ഏറ്റവും പ്രിയപ്പെട്ടവനും മാന്യനുമായ എന്റെ സുഹൃത്ത്. സിദ്ദിഖിനെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ഭൂമിയോളം വിനയമുള്ള മനുഷ്യന്‍. കലാഭവനിലെ മിമിക്രി താരമായിരുന്നപ്പോഴുള്ള സിദ്ദിഖ് തന്നെയായിരുന്നു വിവിധ ഭാഷകളിലായി വമ്പന്‍ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത് ഉന്നതങ്ങളിലെത്തിയപ്പോഴും. പഴയ സുഹൃത്തുക്കളെ കാണുമ്പോള്‍ ജാടകളേതുമില്ലാതെ ഓടിവന്നു വിശേഷങ്ങള്‍ തിരക്കുന്ന സുഹൃത്ത്. 
ഏകദേശം നാല്‍പതു വര്‍ഷം മുമ്പ് മംഗളം തിരുവനന്തപുരത്ത് നടത്തിയ ഒരു നോവല്‍ അവാര്‍ഡ് ചടങ്ങ്. അവാര്‍ഡ് വിതരണ  സമ്മേളത്തിനൊപ്പം നടന്ന കലാപരിപാടികളിലൊന്ന് സിദ്ദിഖിന്റെയും സുഹൃത്തുക്കളുടെയും മിമിക്രി പരേഡായിരുന്നു. അക്കാലത്ത് ഏറെ ജനകീയമായ പരിപാടി. മിമിക്രിയെല്ലാം ഗംഭീരമായി കഴിഞ്ഞു. സിദ്ദിഖും സംഘവും എറണാകുളത്തേക്ക് തിരിച്ചു പോകാന്‍ തയ്യാറായി. എല്ലാവരും ടെമ്പോയില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ സിദ്ദിഖിനോടു പറഞ്ഞു. വേണമെങ്കില്‍ ഒരു കുല കരിക്കു കൂടി കൊണ്ടു പൊയ്ക്കോ. ഇത്രയും ദൂരം സഞ്ചരിക്കേണ്ടതല്ലേ...വഴിയില്‍ ദാഹിച്ചാല്‍ കരിക്കിന്‍ വെള്ളമെങ്കിലും കുടിക്കാം. അങ്ങനെ ഞങ്ങള്‍ സമ്മേളന ഹാളിന്റെ കവാടമലങ്കരിച്ചിരുന്ന കരിക്കിന്‍ കുലകളിലൊന്ന് ടെമ്പോയില്‍ കയറ്റിവിട്ടു. അതോടെ ആ സംഭവം ഞാന്‍ മറന്നു. പക്ഷേ വര്‍ഷങ്ങള്‍ക്കു ശേഷം സിദ്ദിഖ് ഒരു പ്രസിദ്ദീകരണത്തില്‍ ഈ കഥ ഓര്‍മ്മക്കുറിപ്പായി എഴുതിയപ്പോഴാണ് സംഭവം ഓര്‍മ്മ വന്നത്. ആ സംഭവത്തിന്റെ രണ്ടാം ഭാഗം അറിഞ്ഞതും ആ കുറിപ്പിലൂടെയാണ്. അതിങ്ങനെ: എറണാകുളത്തേക്കുള്ള യാത്ര. വണ്ടി കുറച്ചു വിട്ടപ്പഴേ എല്ലാവരും ക്ഷീണംകൊണ്ട് ഉറക്കത്തിലായി. എറണാകുളത്തുചെന്നാണ് എഴുന്നേറ്റത്. അപ്പോഴാണ് കരിക്കിന്‍കുലയിരിക്കുന്നത് കണ്ടത്. ഇനിയിപ്പം വെട്ടാനും കുടിക്കാനുമൊന്നും നേരമില്ല. കരിക്ക് വീട്ടില്‍ കൊണ്ടുപോയേക്കാമെന്നുറപ്പിച്ച്. അതും ചുമന്ന് നടന്നു. കുറച്ചു ദൂരം ചെന്നപ്പോള്‍ നൈറ്റ് പട്രോളിനിറങ്ങിയ പോലീസുകാര്‍ മുന്നില്‍. രാത്രി കണ്ടവന്റെ കരിക്കും മോഷ്ടിച്ച് എവിടെപ്പോകുവാടാ എന്ന് ചോദിച്ച് അവര്‍ തടഞ്ഞു. പിന്നെ തിരുവനന്തപുരം മുതലുള്ള എല്ലാ സംഭവവും അവരെ പറഞ്ഞു കേള്‍പ്പിച്ചു. സംഗതി ശരിയാണെന്നു തോന്നിയപ്പോള്‍ അവര്‍ വിട്ടയച്ചു. പിന്നീട് പല പ്രാവശ്യം കണ്ടപ്പോഴും ആ സംഭവം പറഞ്ഞ് ഞങ്ങള്‍ ചിരിക്കുമായിരുന്നു. 2008ല്‍ എന്റെ മകളുടെ കല്യാണത്തിനു ഞാന്‍ സിദ്ദിഖിനെ വിളിച്ചെങ്കിലും തിരക്കു മൂലം അദ്ദേഹത്തിനു വരാന്‍ കഴിഞ്ഞില്ല. അതുകഴിഞ്ഞ് കുറച്ചു നാളായപ്പോഴാണ് സിദ്ദിഖിന്റെ 'ബോഡിഗാര്‍ഡ്' സിനിമയുടെ ഷൂട്ടിംഗ് കോട്ടയം സി.എം.എസ് കോളജില്‍ നടക്കുന്നത്. അപ്പോഴാണ് ആ സെറ്റിലുണ്ടായിരുന്ന സുഹൃത്തും സിനിമാ റൈറ്ററുമായ എന്‍.എം. നവാസ് ഒരു ദിവസം എന്നെ വിളിച്ചത്. പിള്ളേരു വീട്ടിലുണ്ടെങ്കില്‍ അവരെയും കൂട്ടി സെറ്റിലേക്കു വരിക...ഉച്ചഭക്ഷണം ഇവിടെയാകാമെന്നു സിദ്ദിഖ് പറഞ്ഞുവെന്ന്. അങ്ങനെ സിദ്ദിഖിന്റെ സൗഹൃദത്തിന്റെ ആഴം ഒരിക്കല്‍കൂടി അറിഞ്ഞു.
സിദ്ദിഖിന്റെ അവസാനത്തെ രണ്ടു ചിത്രങ്ങളുടെ സെറ്റില്‍ പോയിരുന്നു. മമ്മുക്ക നായകനായ 'ഭാസ്‌കര്‍ ദി റാസ്‌കല്‍' എറണാകുളത്തും മോഹന്‍ലാല്‍ നായകനായ 'ബിഗ്ബ്രദര്‍' സിദ്ദിഖിന്റെ കിഴക്കമ്പലത്തെ വീട്ടിലുമായിരുന്നു ഷൂട്ടിംഗ്. എറണാകുളത്ത് വരുമ്പോള്‍ വീട്ടിലേക്ക് വരണമെന്ന് ഫോണ്‍ ചെയ്യുമ്പോള്‍ പറയുമായിരുന്നു. പ്രിയ സുഹൃത്തിന്റെ ഈ വിടവാങ്ങല്‍ വിശ്വസിക്കാനാവുന്നില്ല. നല്ലവരില്‍ നല്ലവനായ ആ സുഹൃത്ത് എന്നെന്നും ഹൃദയത്തില്‍ സൂക്ഷിക്കപ്പെടുന്നവരില്‍ ഒരാളായി കൂടെയുണ്ടാവും. -ഫേസ്ബുക്കില്‍ പങ്കു വെച്ച കുറിപ്പില്‍ മംഗളം എഡിറ്ററായിരുന്ന ഹക്കീം ഓര്‍ത്തെടുത്തു. 

Latest News