Sorry, you need to enable JavaScript to visit this website.

വരളുന്ന പുഴകൾ; ഇല്ലാതാകുന്ന ജലസ്രോതസ്സുകൾ നിർമിത ബുദ്ധിക്കും ചെയ്യാനുണ്ട് 

മൂന്നാം ലോകയുദ്ധമുണ്ടാവുകയാണെങ്കിൽ അത് ജലത്തിനുവേണ്ടിയായിരിക്കുമെന്ന് പലരും ഭയപ്പെടുത്താറുണ്ട്. മനുഷ്യകരങ്ങൾ തന്നെയാണ് ലോകത്തിന്റെ എല്ലാ ഭാഗത്തും നദികൾ വരണ്ടുണങ്ങാനും അതിന്റെ പ്രത്യാഘാതങ്ങൾക്ക് മൂർച്ച കൂട്ടാനും കാരണം. 
അവശേഷിക്കുന്ന ജലസ്രോതസ്സുകളെ എങ്ങനെ സംരക്ഷിക്കാമെന്ന് ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് യു.എന്നിനു കീഴിലെ പരിസ്ഥിതി സംഘടന (യു.എൻ.ഇ.പി). സഹായത്തിന് ഭൂപടങ്ങളും നിർമിത ബുദ്ധിയുമായി ഗൂഗിളും രംഗത്തുണ്ട്. എങ്ങനെയാണ് നമ്മുടെ ജലസ്രോതസ്സുകൾ ഇല്ലാതായെന്ന് കണ്ടെത്താനും അവശേഷിക്കുന്നവ സംരക്ഷിക്കുന്നതിന് പദ്ധതികൾ തയാറാക്കാനും ഉപഗ്രഹ ചിത്രങ്ങളും കാലങ്ങളായി ലഭ്യമായ ഡാറ്റകളും പരിശോധിക്കുകയാണ് ഗൂഗിൾ. ഇവ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കും.
ആദ്യഘട്ടത്തിൽ നദികളുടേയും വനങ്ങളുടേയും വിവരങ്ങളാണ് തയാറാക്കുന്നത്. യു.എൻ പങ്കാളിത്തത്തോടെ ഇവ അടുത്ത ഒക്ടോബറിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. ഭൂപടങ്ങളും ഡാറ്റകളും പരിശോധിച്ചാൽ കഴിഞ്ഞുപോയ കാലത്തിലേക്ക് ഊളിയിട്ട് എവിടെയാണ്, എങ്ങനെയാണ് നമ്മുടെ ജലസ്രോതസ്സുകൾ അപ്രത്യക്ഷമായതെന്ന് കണ്ടെത്താമെന്ന് യു.എൻ.ഇ.പിയിലെ പ്രോഗ്രം മാനേജർ എലിസബത്ത് മുള്ളൻ ബേൺഹാട്ട് പറഞ്ഞു. എവിടെയൊക്കെ വെള്ളമുണ്ടായിരുന്നുവെന്നും എവിടയൊക്കെയാണ് സീസണുകളിൽ കൂടുതൽ ജലം ലഭിക്കുന്നതെന്നും ഈ മാപ്പുകളിലൂടെ കണ്ടെത്താൻ കഴിയും. ഉദാഹരണത്തിന് ധാരാളം ജനങ്ങൾ ആശ്രയിക്കുന്ന ആഫ്രിക്കയിലെ ലേക്ക ചാഡ് എന്തുകൊണ്ടാണ് വേഗത്തിൽ വറ്റിപ്പോകുന്നതെന്ന് പഠിക്കാൻ സമഗ്ര ഡാറ്റകളിലൂടേയും ഇമേജുകളിലൂടെയും കഴിയും. 


ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രാജ്യങ്ങൾ ജലസ്രോതസ്സുകൾ പങ്കുവെക്കുന്നുണ്ട്. വരളാതെ അവേശഷിക്കന്ന നദികൾ സംരക്ഷിക്കുന്നതിന് രാജ്യങ്ങൾക്ക് സംയുക്തമായി പദ്ധതികൾ ആവിഷ്‌കരിക്കാൻ വിവരങ്ങൾ സഹായകമാകുമെന്ന് കെനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന എലിസബത്ത് ബേൺഹാട്ട് പറഞ്ഞു.
വൻതോതിലുള്ള ഉപഗ്രഹ ചിത്രങ്ങളും ഡാറ്റകളും വിശകലനം ചെയ്യാൻ ഗൂഗിൾ നിർമിത ബുദ്ധിയും ക്ലൗഡ് കംപ്യൂട്ടിംഗുമാണ് ഉപയോഗിക്കുക. ദശാബ്ദങ്ങൾ പഴക്കമുള്ള ഡാറ്റകളും ഇതിനായി ഉപയോഗിക്കുമെന്ന് ഗൂഗിൾ എർത്ത്, ഗൂഗൾ എൻജിൻ ഡയരക്ടർ റെബേക്ക മൂർ പറഞ്ഞു. 
വനങ്ങളുടേയും നദികളുടേയും അവസ്ഥ എന്താണെന്ന് പരിശോധിക്കാൻ ലോകത്തിന്റെ പല ഭാഗത്തും ആവശ്യമായ വിവരങ്ങൾ ലഭ്യമല്ല. തീരപ്രദേശങ്ങളിലെ പരിസ്ഥിതി ഘടനയും നദികളും വനങ്ങളും കാലങ്ങളായി നാശമടയുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാൻ ഡാറ്റ അനിവാര്യമാണെന്ന് അവർ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. 


നഗരവൽകരണവും കാലാവസ്ഥാ വ്യതിയാനവും അടക്കമുളള കാരണങ്ങളാൽ ലോകത്തിന്റെ എല്ലാ ഭാഗത്തും ശുദ്ധജല സ്രോതസ്സുകൾ ഇല്ലാതായി കൊണ്ടിരിക്കയാണ്. അതുകൊണ്ടുതന്നെ നദികളുടേയും ജലസ്രോതസ്സുകളുടേയും സംരക്ഷണത്തിന് നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണ്. ഈ സാഹചര്യത്തിൽ വിവരങ്ങളുടെ ലഭ്യത പരിസ്ഥിതി സംരക്ഷണത്തിനും വിവിധ രാജ്യങ്ങളുടെ സ്ഥായിയായ വികസനത്തിനും ഫലപ്രദമായ നിക്ഷേപത്തിനും സഹായകമാകുമെന്ന് യു.എൻ.ഇ.പി വ്യക്തമാക്കുന്നു. 2030 ഓടെ കൈവരിക്കേണ്ട 17 ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നതാണ് പട്ടിണി നിർമാർജനവും എല്ലാവർക്കും കുടിവെള്ളവുമെന്നത്. 2015 ൽ അമേരിക്കയിൽ പ്രഖ്യാപിച്ച ലക്ഷ്യങ്ങളുടെ പുരോഗതി വിവിധ രാജ്യങ്ങൾ വിലയിരുത്തുമ്പോൾ തന്നെയാണ് ന്യൂയോർക്കിലെ ആസ്ഥാനത്ത് യു.എൻ.ഇ.പിയും ഗൂഗിളും പുതിയ ഉപഗ്രഹ സംരംഭവും പ്രഖ്യാപിച്ചിരിക്കുന്നത്. 
ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജല ആവാസ വ്യവസ്ഥ സംബന്ധിച്ച ഗവേഷണത്തിനു പിന്നാലെ സമുദ്രങ്ങളിലെ പ്ലാസ്റ്റിക്കിലേക്കും മരൂഭൂമിവൽകരണത്തിലേക്കും വികസിപ്പിക്കാനാകുമെന്നും ഗൂഗിളും യു.എൻ.ഇ.പിയും കരുതുന്നു. 

Latest News