ന്യൂദല്‍ഹി: 2025നുള്ളില്‍ രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്ന ബൃഹത് പദ്ധതിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം വഴി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മൊത്തം 24,470 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. ഇത്രയും റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിന് തുടക്കമിടുന്ന പദ്ധതി ലോകത്ത് ആദ്യത്തേതാണെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. 2025ഓടെ നവീകരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ 35 സ്റ്റേഷനുകളാണ് നവീകരിക്കുന്നത്. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 508 സ്റ്റേഷനുകളാണ് നവീകരിക്കുക. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55 വീതവും ബിഹാറില്‍ 49, മഹാരാഷ്ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മദ്ധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡീഷയില്‍ 25, പഞ്ചാബില്‍ 22 ഗുജറാത്തിലും തെലങ്കാനയിലും 21 വീതവും ഝാര്‍ഖണ്ഡില്‍ 20, ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും 18 വീതവും ഹരിയാനയില്‍ 15-ഉം കര്‍ണാടകയില്‍ 13-ഉം സ്റ്റേഷനുകള്‍ നവീകരിക്കും.