ന്യൂദൽഹി- മോഡി പരാമർശത്തിന്റെ പേരിലുള്ള ഗുജറാത്ത് കോടതിയുടെ അയോഗ്യത വിധിയിൽനിന്ന് രാഹുൽ ഗാന്ധിയെ സുപ്രീം കോടതി ഒഴിവാക്കിയെങ്കിലും രാഹുലിന്റെ ലോക്‌സഭാംഗത്വം പുനസ്ഥാപിക്കുന്നതിൽ മെല്ലെപ്പോക്കെന്ന് കോൺഗ്രസ് പരാതി. അംഗത്വം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ലോക്‌സഭ സ്പീക്കറെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരി കണ്ടെങ്കിലും സെക്രട്ടറി ജനറലിനെ കാണാനാണ് നിർദ്ദേശിച്ചത്. സെക്രട്ടറി ജനറലിനെ വിളിച്ചപ്പോൾ ഓഫീസ് അവധിയാണെന്നായിരുന്നു മറുപടി. കത്ത് സ്പീക്കർക്ക് തന്നെ നൽകുന്നതാണ് നല്ലതെന്നും സെക്രട്ടറി ജനറൽ പറഞ്ഞു. അണ്ടർ സെക്രട്ടറിയാണ് കത്ത് സ്വീകരിച്ചത്. എന്നാൽ കത്തിൽ ഒപ്പുവെക്കാൻ അദ്ദേഹം തയ്യാറായില്ല. രാഹുൽ ഗാന്ധിക്ക് അയോഗ്യത വിധി വന്ന ഉടൻ തന്നെ അദ്ദേഹത്തിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കുന്നതിൽ ലോക്‌സഭ സെക്രട്ടറിയേറ്റ് ഉടനടി തീരുമാനം എടുത്തിരുന്നു. എന്നാൽ ഈ വിധി സ്‌റ്റേ ചെയ്‌തെങ്കിലും എം.പി സ്ഥാനം പുനസ്ഥാപിക്കുന്നതിൽ മെല്ലപ്പോക്കാണ് നടത്തുന്നത്.
അതേസമയം, രാഹുൽഗാന്ധിക്കു എം.പി സ്ഥാനം തിരികെ നൽകുന്നതിലെ മെല്ലപ്പോക്കിലൂടെ പാർലമെന്റ് സെക്രട്ടേറിയറ്റിന്റെ ഇരട്ടത്താപ്പാണ് പ്രകടമായതെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എൽ.എ പറഞ്ഞു. രാഹുൽഗാന്ധിയെ അയോഗ്യനായി പ്രഖ്യാപിക്കുന്നതിൽ കാട്ടിയ തിടുക്കം പദവി തിരികെ നൽകുന്നതിൽ ഇല്ല. അപകീർത്തി കേസിൽ രാഹുൽഗാന്ധിക്കെതിരെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മാർച്ച് 23നാണ് ശിക്ഷ വിധിച്ചത്. എം.പി പദവിയിൽ ഇരിക്കുന്നതിൽ രാഹുൽഗാന്ധിയെ അയോഗ്യനാക്കി പാർലമെന്റ് സെക്രട്ടേറിയറ്റ് അടുത്ത ദിവസം ഉത്തരവിറക്കി. എന്നാൽ കേസിൽ രാഹുൽഗാന്ധിക്ക് പരമാവധി ശിക്ഷ വിധിച്ച കീഴ്‌ക്കോടതി ഉത്തവ് സുപ്രീം കോടതി സ്റ്റേ ചെയ്തത് അറിഞ്ഞില്ലെന്ന മട്ടിലാണ് പാർലമെന്റ് സെക്രട്ടേറിയറ്റ്. വേണമെങ്കിൽ പാർലമെന്റ് സെക്രട്ടേറിയറ്റിന് സൂപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ച വെള്ളിയാഴ്ചതന്നെ രാഹുൽഗാന്ധിയുടെ അയോഗ്യത നീക്കാമായിരുന്നു.
അപകീർത്തി കേസിൽ ഗുജറാത്തിനു പുറത്താണ് രാഹുൽഗാന്ധിക്ക് നീതി കിട്ടിയത്. കീഴ്‌ക്കോടതി വിധിക്കെതിരായ ഹരജി സൂറത്ത് ജില്ലാ കോടതിയും ഗുജറാത്ത് ഹൈക്കോടതിയും തള്ളുകയാണുണ്ടായത്. ഹരജി തള്ളാൻ സൂറത്ത് ജില്ലാ കോടതി രണ്ടു മാസമാണ് എടുത്തത്. കേസിൽ സൂപ്രീം കോടതിയുടെ അന്തിമ തീർപ്പ് രാഹുൽഗാന്ധിക്കു അനുകൂലമായിരിക്കുമെന്നതിൽ ജനാധിപത്യ വിശ്വാസികൾക്ക് സന്ദേഹമില്ല.
കേസിൽ ഗുജറാത്ത് ഹൈക്കോടതി 125 പേജുകളുള്ള ഉത്തരവാണ് പുറപ്പെടുവിച്ചത്. ഇതിൽ എവിടെയും പരമാവധി ശിക്ഷ വിധിച്ചതിന്റെ കാരണം പറയുന്നില്ല. ഇതേക്കുറിച്ച് സുപ്രീം കോടതി നടത്തിയ പരാമർശം പ്രസക്തമാണ്.
ജനാധിപത്യ-മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാൻ കോൺഗ്രസ് നേതാവെന്ന നിലയിൽ രാഹുൽഗാന്ധി നടത്തുന്ന പ്രവർത്തനങ്ങൾക്ക് തടയിടാൻ ബിജെപിയിട്ട പദ്ധതിയാണ് അപകീർത്തി കേസിലെ സുപ്രീം കോടതി ഉത്തരവിലൂടെ പൊളിഞ്ഞത്. രാഹുൽഗാന്ധി വൈകാതെ മണ്ഡലത്തിൽ സന്ദർശനത്തിനെത്തും. 2024ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം വയനാട് പാർലമെന്റ് മണ്ഡലത്തിൽത്തന്നെ മത്സരിക്കണമെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം മണ്ഡലത്തിൽ യുഡിഎഫ് തുടങ്ങിക്കഴിഞ്ഞതായും സിദ്ദീഖ് പറഞ്ഞു.