ഭോപാല്‍- വീട്ടിലെ വളര്‍ത്തു തത്തയെ കാണാതായതിന്റെ വിഷമത്തിലാണ് മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ഒരു കുടുംബം. തത്തയെ കാണാതായ വിഷമത്തില്‍ കരഞ്ഞിരിക്കാതെ തത്തയെ കണ്ടുപിടിക്കാനുള്ള തത്രപ്പാടിലാണ് ഇവര്‍. ചുമരുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച് പരസ്യം ചെയ്തും മൈക്ക് കെട്ടി വിളിച്ചുപറഞ്ഞും ഇവര്‍ കാണാതായ വളര്‍ത്തു തത്തയെ അന്വേഷിച്ചിറങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ തത്ത ഇവരുടെ കുടുംബാംഗത്തെ പോലെ കൂടെ തന്നെയുണ്ട്. മിത്തു എന്നാണ് തത്തയെ വിളിക്കുന്നത്. ചൊവ്വാഴ്ചയാണ് തത്തയെ കാണാതായത്. പതിവുപോലെ കുടുംബാംഗത്തോടൊപ്പം നടക്കാനിറങ്ങിയപ്പോള്‍ കൂടെ കൂടിയ മിത്തു തെരുവ് നായകളുടെ കുര കേട്ട് പേടിച്ച് പറന്നുപോവുകയായിരുന്നു.
പിന്നീട് തത്തയെ കണ്ടെത്താനായില്ല. കണ്ടുകിട്ടുന്നവര്‍ക്ക് പാരിതോഷികമായി 10,000 രൂപ ഈ കുടുംബം വാഗ്ദാനം ചെയ്തിട്ടുണ്ട്. മിത്തുവിനെ കാണാതായപ്പോള്‍ തന്നെ തെരച്ചില്‍ തുടങ്ങിയതായി ഇവര്‍ പറയുന്നു. തത്തയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്ന പക്ഷം അറിയിക്കാന്‍ കുടുംബത്തിന്റെ കോണ്ടാക്റ്റ് വിവരങ്ങളും പാരിതോഷികവും സംബന്ധിച്ച കാര്യങ്ങളും ഇവര്‍ പരസ്യത്തിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
ഉച്ചഭാഷിണി ഘടിപ്പിച്ച ഓട്ടോറിക്ഷയിലൂടെ വിളിച്ച് പറഞ്ഞാണ് ഇപ്പോള്‍ ഇവര്‍ മിത്തു തത്തക്കായുള്ള അന്വേഷണം തുടരുന്നത്. കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലെ ഒരു കുടുംബം കാണാതായ തത്തയെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.