Sorry, you need to enable JavaScript to visit this website.

താമസക്കാർ ഭീതിയിൽ; ബാലികയെ പീഡിപ്പിച്ച  ഫ്‌ളാറ്റ് സമുച്ചയത്തിൽ വനിതകൾ കാവൽക്കാരായി

ചെന്നൈ- ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 17 ജീവനക്കാർ അറസ്റ്റിലായതോടെ താമസക്കാർ സുരക്ഷാ ഭീതിയിൽ. സെക്യൂരിറ്റി ഏജൻസിയെ മാറ്റണോ ജീവനക്കാരെ മാറ്റണോ എന്ന ആശയക്കുഴപ്പത്തിലായ ഇവിടെ താമസക്കാരായ എട്ട് വനിതകൾ തന്നെ കാവൽ ചുമതല ഏറ്റെടുത്തിരിക്കയാണ്. 
പുഞ്ചിരിച്ചും സല്യൂട്ട് ചെയ്തും സമീപിച്ചിരുന്ന ജീവനക്കാരെ കുറിച്ച് ഓർക്കുമ്പോൾ താമസക്കാർക്കെല്ലാം ഞെട്ടലാണ്. പൂർണമായും വിശ്വാസത്തിലെടുത്തിരുന്ന ജീവനക്കാർക്ക് ഏതു സമയത്തും ഇവിടത്തെ ഫ്‌ളാറ്റുകളിൽ കയറിച്ചെല്ലാമായിരുന്നു. അവർക്ക് ഏതു സമയത്തും വാതിലിൽ മുട്ടമായിരുന്നു. ഇതുവരെ പുറത്തുള്ളവരെയായിരുന്നു ഭയമെങ്കിൽ അപകടം അകത്തു തന്നെ ആയിരുന്നു -താമസക്കാരിലൊരാൾ പറഞ്ഞു.
സ്വിമ്മിംഗ് പൂളിലോ ജിമ്മിലോ ഇനി മുതൽ താമസക്കാർ ആരുമില്ലെങ്കിൽ പോകില്ലെന്നാണ് ഒരു വീട്ടമ്മയുടെ തീരുമാനം. എല്ലായിടത്തും സി.സി.ടി.വി സ്ഥാപിച്ച് അവ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടിയിരിക്കുന്നുവെന്ന് അവർ പറഞ്ഞു. 
അതിനിടെ, സെക്യൂരിറ്റിക്കാരും പ്ലംബർമാരുമുൾപ്പെടെ 17 പേരെ റിമാൻഡ് ചെയ്ത കേസിൽ പെൺകുട്ടിയെ ശിശുക്ഷേമ കമ്മിറ്റിയുടെ (സി.ഡബ്ല്യൂ.സി) സംരക്ഷണത്തിലാക്കാൻ മദ്രാസ് ഹൈക്കോടതി നിർദേശം നൽകി. 
കുട്ടി ആഴ്ചകളോളം പീഡിപ്പിക്കപ്പെട്ടതിനാൽ കൗൺസലിംഗും മാനസിക പിന്തുണയും ആവശ്യമാണെന്ന് കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരിൽ ഒരാൾ ജഡ്ജിമാർ മുമ്പാകെ ബോധിപ്പിച്ചതിനെ തുടർന്നാണ് ഈ നിർദേശം. കുട്ടിയെ കമ്മിറ്റി മുമ്പാകെ എത്തിക്കാത്തതിന് ചെന്നൈ പോലീസിനോട് വിശദീകരണം ആരാഞ്ഞ കോടതി പോലീസ് ചട്ടങ്ങളും വ്യവസ്ഥകളും പാലിച്ചില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. വെൽഫെയർ കമ്മിറ്റി കുട്ടിയെ മാതാപിതാക്കളോടൊപ്പം തന്നെ താമസിപ്പിക്കുമോ എന്നു വ്യക്തമായിട്ടില്ല. 
കാവൽക്കാരും ഇലക്ട്രിഷ്യന്മാരും പ്ലംബർമാരും ഉൾപ്പെടുന്ന അക്രമികൾ ശീതള പാനീയങ്ങളിൽ മയക്കുമരുന്ന് നൽകിയാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നത്. 66 കാരനായ ലിഫ്റ്റ് ഓപ്പറേറ്റാണ് ആദ്യ കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇയാൾ മറ്റുള്ളവരെ ക്ഷണിക്കുകയും വീഡിയോയിൽ പകർത്തി ചൂഷണം തുടരുകയുമായിരുന്നു. വീഡിയോ കാണിച്ച് കുട്ടിയെ ബ്ലാക്ക്‌മെയിൽ ചെയ്താണ് മാസങ്ങളോളം പീഡനം തുർന്നതെന്നും പോലീസ് പറഞ്ഞു. ഫ്‌ളാറ്റ് സമുച്ചയത്തിലെ ബേസ്‌മെന്റ്, ജിം, ടെറസ്, പൊതു ശൗചാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറിക്കൊണ്ടുപോയാണ് പ്രതികൾ പീഡിപ്പിച്ചത്. സി.സി.ടി.വി നെറ്റ്‌വർക്ക് ഉണ്ടെങ്കിലും ചില ക്യാമറകൾ പ്രവർത്തിക്കാത്തത് അക്രമികളെ തുണച്ചു. കെട്ടിട സമുച്ചയത്തിൽ സി.സി.ടി.വി ക്യാമറയില്ലാത്ത സ്ഥലങ്ങളും പ്രതികൾ ഉപയോഗിച്ചു. 
പെൺകുട്ടിയിൽനിന്ന് കാര്യങ്ങൾ അറിഞ്ഞ മൂത്ത സഹോദരിയാണ് മാതാപിതാക്കളോട് പറഞ്ഞതും ഞയാറാഴ്ച പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതും. തിങ്കളാഴ്ചയാണ് 17 പ്രതികളെ അറസ്റ്റ് ചെയ്തത്. അഞ്ച് പേരെ കൂടി പിടികിട്ടാനുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഭിഭാഷകരടക്കമുള്ളവർ മർദിച്ചിരുന്നു. പ്രതികൾക്ക് വേണ്ടി ഹാജരാകില്ലെന്നും അഭിഭാഷകർ അറിയിച്ചിട്ടുണ്ട്. 


 

Latest News