ന്യൂദൽഹി- സുപ്രീം കോടതി വിധി അനുകൂലമായി പുറത്തുവന്ന ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് അത്താഴ വിരുന്നിലാണ് ഇരുവരും കണ്ടുമുട്ടിയത്. രാഹുൽ ഗാന്ധിക്ക് പൂച്ചെണ്ട് സമ്മാനിച്ച് സ്വാഗതം ചെയ്ത ലാലു പ്രസാദ്, രാഹുലിനെ കെട്ടിപ്പിടിച്ചു. പിന്നീട് ഇരുവരും അത്താഴം കഴിക്കാൻ പോയി. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും അത്താഴവിരുന്നിൽ പങ്കെടുത്തു. ആർ.ജെ.ഡി എം.പി മിസാ ഭാരതിയുടെ ദൽഹിയിലെ വസതിയിലായിരുന്നു അത്താഴവിരുന്ന്. പുതുതായി രൂപീകരിച്ച പ്രതിപക്ഷ മുന്നണിയായ ഇന്ത്യയുടെ യോഗം ഈ മാസം അവസാനം മുംബൈയിൽ ചേരാനിരിക്കെ കൂടിക്കാഴ്ച്ചക്ക് ഏറെ പ്രാധാന്യമുണ്ട്.
രാഹുലും ലാലു യാദവും രാഷ്ട്രീയം ഏറെ ചർച്ച ചെയ്‌തെങ്കിലും ഇരുവരും കുശലപ്രശ്‌നങ്ങളിലും ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതിനും സമയം കണ്ടെത്തി.
ചടങ്ങിനായി ബീഹാറിൽ നിന്ന് ദേശി ആട്ടിറച്ചിയും സുഗന്ധവ്യഞ്ജനങ്ങളും കൊണ്ടുവരാൻ ലാലു യാദവ് ഏർപ്പാട് ചെയ്തിരുന്നു. ബീഹാറിന്റെ പ്രത്യേക ശൈലിയിൽ ആട്ടിറച്ചി പാകം ചെയ്യുന്നത് എങ്ങനെയെന്ന് രാഹുലിന് കാണിച്ചുകൊടുക്കുകയും ചെയ്തു. ബീഹാറിലെ ചമ്പാരൻ ആട്ടിറച്ചി അതിന്റെ തനതായ പാചക ശൈലിക്കും രുചികൾക്കും പേരുകേട്ടതാണ്.
ആർജെഡി അധ്യക്ഷന്റെ ആരോഗ്യനിലയെക്കുറിച്ചും ഗാന്ധി ചോദിച്ചു.
आज @RahulGandhi जी ने RJD अध्यक्ष @laluprasadrjd जी से उनके दिल्ली स्थित निवास पर मुलाकात की। pic.twitter.com/NMXa4jP8hi
— Congress (@INCIndia) August 4, 2023