ബ്രസല്‍സ്- യൂറോപ്പില്‍ ആന്‍ഡ്രോയ്ഡിനുള്ള ആധിപത്യം ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി യൂറോപ്യന്‍ യൂണിയന്‍ യുഎസ് ടെക്ക് ഭീമനായ ഗൂഗ്ളിന് വന്‍ തുക പിഴയിട്ടു. മറ്റു കമ്പനികള്‍ക്ക് മത്സരിക്കാനുള്ള അവസരം ആന്‍ഡ്രോയ്ഡ് തടയുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുറോപ്യന്‍ യൂണിയന്‍ കോംപിറ്റീഷന്‍ കമ്മീഷന്‍ കമ്പനിക്ക് 4.43 ശതകോടി യൂറോ (500 കോടിയോളം യുഎസ് ഡോളര്‍) പിഴ ചുമത്തിയത്. വിവിധ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന മൊബൈല്‍ ഫോണുകളില്‍ യുറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ ലംഘിച്ച് ആന്‍ഡ്രോയ്ഡിനൊപ്പം സ്വന്തം ആപ്പുകള്‍ പ്രീഇന്‍സ്റ്റാള്‍ ചെയ്ത് മറ്റു കമ്പനികളുടെ മത്സരിക്കാനുള്ള അവകാശത്തെ ഹനിച്ചുവെന്നാണ് ഗുഗഌനെതിരായ ആരോപണം. ഈ നിയമ ലംഘനം അവസാനിപ്പിച്ച് 90 ദിവസത്തിനകം പിഴയ്ക്ക് അടിസ്ഥാനമായ കുറ്റങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നാണ് ഗുഗഌനു നല്‍കിയിരിക്കുന്ന ഉത്തരവ്. അനുസരിച്ചില്ലെങ്കില്‍ ഗൂഗ്ളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ ആഗോള ദിവസ വരുമാനത്തിന്റെ അഞ്ചു ശതമാനം വരെ അധിക പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.
സെര്‍ച്ച് എഞ്ചിന്‍, ഗൂഗ്ള്‍ ആപ്പുകള്‍ ആന്‍ഡ്രോയ്ഡിനൊപ്പം നല്‍കി യുറോപ്യന്‍ മേഖലയിലെ മത്സരത്തിന് ഗുഗ്ള്‍ തടയിട്ടിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനിലെ വിശ്വാസ സംരക്ഷണ നിയമം അനുസരിച്ച് മൂന്ന് ലംഘനങ്ങളാണ് ഗുഗ്ള്‍ നടത്തിയിരിക്കുന്നതെന്ന് കൊംപിറ്റീഷന്‍ കമ്മീഷണര്‍ മാര്‍ഗരത്തെ വെസ്താഗെര്‍ പറഞ്ഞു.
ഗൂഗ്ള്‍ സെര്‍ച്ച് ആപ്ലിക്കേഷനുകള്‍ പ്രീഇന്‍സ്റ്റാള്‍ ചെയ്യാന്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളെ ഗുഗ്ള്‍ നിര്‍ബന്ധിതരാക്കി. മൊബൈലുകളില്‍ ഗൂഗ്ള്‍ സെര്‍ച്ച് ആപ്പുകള്‍ മാത്രമെ അനുവദിക്കാവൂ എന്ന് കമ്പനികളുമായി കരാറുണ്ടാക്കുകയും ഇതിനായി മൊബൈല്‍ നിര്‍മ്മാതാക്കല്‍ക്കും ടെലികോം കമ്പനികള്‍ക്കും പണം നല്‍കി. മറ്റു ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലുകളില്‍ ഗൂഗ്ള്‍ ആപ്പുകള്‍ പ്രീഇന്‍സ്റ്റാള്‍ ചെയ്യുന്നത് വിലക്കി, എന്നീ മൂന്ന് കുറ്റങ്ങളാണ് ഗൂഗ്ള്‍നെതിരെ കമ്മീഷന്‍ ചുമത്തിയിരിക്കുന്നത്.
ആന്‍ഡ്രോയ്ഡ് എല്ലാവര്‍ക്കും കൂടുതല്‍ അവസരങ്ങളാണ് സൃഷ്ടിച്ചതെന്നും പിഴയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്നും ഗൂഗ്ള്‍ വ്യക്തമാക്കി.