ന്യൂദല്‍ഹി- ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 20 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന് (യു ജി സി). അനുമതിയില്ലാത്ത കൂടുതല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് ദല്‍ഹിയിലാണെന്ന് യു ജി സി അറിയിച്ചു. എട്ട് സര്‍വകലാശാലകള്‍ ഈ വിഭാഗത്തില്‍ പെടുന്നു.യു ജി സി നിയമം ലംഘിച്ചാണ് ഈ സ്ഥാപനങ്ങള്‍ ബിരുദം വാഗ്ദാനം ചെയ്യുന്നതെന്ന് യു ജി സി സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു. ഈ സര്‍വകലാശാലകളില്‍ നിന്ന് ലഭിക്കുന്ന ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കില്ലെന്നും ഉന്നത വിദ്യാഭ്യാസത്തിനോ തൊഴില്‍ ആവശ്യങ്ങള്‍ക്കോ വേണ്ടിയുള്ള അംഗീകാരം ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വ്യാജ സര്‍വകലാശാലകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുളളത് ദല്‍ഹിയാണ്. എട്ട് സ്ഥാപനങ്ങളാണ് ദല്‍ഹിയില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നാല്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ രണ്ട് വീതം, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോന്നും ഉള്‍പ്പെടുന്നു.