റാഞ്ചി- മനുഷ്യാവകാശ സാമൂഹ്യ സേവന രംഗത്ത് പ്രശസ്തനായ സ്വാമി അഗ്നിവേശിനെ ജാര്‍ഖണ്ഡില്‍ കഴിഞ്ഞി ദിവസം ബിജെപി ഗുണ്ടകള്‍ ആക്രമിച്ചതിനെ ന്യായീകരിച്ച് ബിജെപി മന്ത്രി രംഗത്തെത്തി. സ്വാമി അഗ്നിവേശ് കാവി വേഷമണിഞ്ഞ് ഇന്ത്യക്കാരെ പറ്റിക്കുകയാണെന്നും വിദേശ സഹായങ്ങള്‍ കൊണ്ടു ജീവിക്കുന്നയാളാണെന്നും ജാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാരിനെ നഗരവികസന മന്ത്രി സി.പി സിങ് ആരോപിച്ചു. അദ്ദേഹം സ്വാമിയല്ലെന്നും പ്രശസ്തിക്കു വേണ്ടി അദ്ദേഹം തന്നെയാണ് ഈ ആക്രമം ആസൂത്രണം ചെയ്തതെന്നും മന്ത്രി പറഞ്ഞു. ജാര്‍ഖണ്ഡ് നിയമസഭയ്ക്കു പുറത്ത് ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വാമി ആക്രമിക്കപ്പെട്ടതില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തില്‍ സഭാ സമ്മേളനം ബഹളത്തില്‍മുങ്ങുകയും ഒടുവില്‍ നീട്ടി വയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രി രഘുഭര്‍ ദാസ് അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി അറിയിച്ചെങ്കിലും പ്രതിഷേധം അടങ്ങിയില്ല. സഭയിലെ പ്രതിഷേധത്തിനു പുറമെ സ്വാമി ആക്രമിക്കപ്പെട്ടതില്‍ രാജ്യത്തൊട്ടാകെ പ്രതിഷേധം നടക്കുന്നതിനിടെയാണ് ബിജെപി മന്ത്രി ആക്രമത്തെ ന്യായീകരിക്കുന്ന തരത്തില്‍ സ്വാമിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ജാര്‍ഖണ്ഡിലെ പക്കൂര്‍ ജില്ലയില്‍ ആദിവാസികളുടെ പരിപാടിക്കെത്തിയ 80-കാരനായ സ്വാമിയെ കഴിഞ്ഞ ദിവസമാണ് ബിജെപി യുവമോര്‍ച്ചാ ഗുണ്ടകള്‍ ആക്രമിച്ചത്.