മുംബൈ- ബി.ജെ.പിക്ക് സർക്കാരിനെ നയിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്നതാണ് മണിപ്പൂരിലെയും ഹരിയാനയിലെയും അക്രമങ്ങളെന്ന് ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ലക്ഷ്യമിടുന്ന 26 പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യയുടെ അടുത്ത യോഗം ഈ മാസം അവസാനമോ സെപ്റ്റംബർ ആദ്യമോ മുംബൈയിൽ നടക്കുമെന്ന് താക്കറെ പറഞ്ഞു.കഴിഞ്ഞ രണ്ട് യോഗങ്ങളും നടന്നത് പട്‌നയിലും ബംഗളൂരുവിലുമാണ്.
മണിപ്പൂരായാലും ഹരിയാനയായാലും ഭരണം നടക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. അവിടെ ഒരു സർക്കാർ നിലവിലുണ്ടോ ഇല്ലയോ? എന്തുകൊണ്ടാണ് ഇരട്ട എഞ്ചിൻ കത്തുന്നത്? ഹരിയാനയും മണിപ്പൂരും ബിജെപിക്ക് ഭരണം നടത്താനാകില്ലെന്ന് തെളിയിച്ചിരിക്കയാണെന്ന താക്കറെ പറഞ്ഞു.ഇതാണോ രാമരാജ്യം?ഈ രണ്ട് സംസ്ഥാനങ്ങളിലും സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ നുഹിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഘോഷയാത്ര തടയാനുള്ള ശ്രമത്തെച്ചൊല്ലി പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു ഇമാമുമടക്കം ആറ് പേർ മരിച്ചു. സംഘർഷം കഴിഞ്ഞ രണ്ട് ദിവസമായി ഗുരുഗ്രാമിലേക്ക് വ്യാപിച്ചിരിക്കയാണ്. മണിപ്പൂരിൽ, മെയ് മൂന്നിനാണ് വലിയ തോതിലുള്ള അക്രമം പൊട്ടിപ്പുറപ്പെട്ടത്. സംസ്ഥാനത്ത് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനത്ത് അടുത്തിടെ നടന്ന അക്രമ പരമ്പരകളെ കുറിച്ച് അന്വേഷിക്കാൻ ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിൽ കേന്ദ്രം അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.