Sorry, you need to enable JavaScript to visit this website.

കാല്‍നൂറ്റാണ്ട് പിന്നിടുന്ന 'സമ്മര്‍ ഇന്‍ ബത്ലഹേ'മിന്റെ ഓഡിയോ ലോഞ്ച് വിഡിയോ പുറത്തിറക്കി 

കൊച്ചി- മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമകളില്‍ ഒന്നാണ് 1998ല്‍ പുറത്തിറങ്ങിയ 'സമ്മര്‍ ഇന്‍ ബത്ലഹേം'. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലും എത്തിയിരുന്നു. മലയാളത്തിലെ മികച്ച അതിഥി വേഷങ്ങളിലൊന്നായിരുന്നു ചിത്രത്തില്‍ മോഹന്‍ലാലിന്റേത്. 

കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ നിര്‍മ്മിച്ച് രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമ ഇറങ്ങി കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വേളയില്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പരിപാടിയുടെ പ്രസക്തഭാഗങ്ങള്‍ പുറത്തിറക്കിയിരിക്കുയാണ്.

കോക്കേഴ്‌സിന്റെ തന്നെ യൂട്യൂബ് ചാനലായ 'കോക്കേഴ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സി'ലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായി ഒരു ചിത്രത്തിലെ മുഴുവന്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന ഓഡിയോ ലോഞ്ചിന് നേതൃത്വം നല്‍കിയത് പ്രശസ്ത നിര്‍മ്മാതാവ് എം. രഞ്ജിത്ത് ആണ്. ഗിരീഷ് പുത്തഞ്ചേരി, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ, സുകുമാരി, അഗസ്റ്റിന്‍, വി. ഡി രാജപ്പന്‍ തുടങ്ങി അന്തരിച്ച നിരവധി താരങ്ങളും പങ്കെടുത്ത പരിപാടിയുടെ വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്.

ചിത്രം പുറത്തിറങ്ങി കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുന്ന വേളയില്‍ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന വാര്‍ത്ത നിര്‍മ്മാതാവ് സിയാദ് കോക്കര്‍ അറിയിച്ചിരുന്നു. അതേസമയം കോക്കേഴ്സ് മീഡിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിച്ച് ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' അണിയറയില്‍ ഒരുങ്ങുകയാണ്. 

'സമ്മര്‍ ഇന്‍ ബത്‌ലഹേ'മിലെ തന്നെ ഏറെ ജനശ്രദ്ധ നേടിയ 'മാരിവില്ലിന്‍ ഗോപുരങ്ങള്‍...' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ തന്നെയാണ് പുതിയ ചിത്രത്തിന്റെ പേരായി ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. 
വാര്‍ത്ത പ്രചരണം: പി. ശിവപ്രസാദ്.

Latest News