Sorry, you need to enable JavaScript to visit this website.

മണിപ്പൂര്‍: 31 അംഗ പ്രതിപക്ഷ പ്രതിനിധി സംഘം രാഷ്ട്രപതിയെ കണ്ടു

ന്യൂദല്‍ഹി- മണിപ്പൂര്‍ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിലെ എം.പിമാര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. മണിപ്പൂരില്‍ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിനും നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം നിര്‍ണയിക്കുന്നതിനും രാഷ്ട്രപതി ഇടപെടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിലെ 31 എം.പിമാര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്ന സംസ്ഥാനത്ത് ഏതാനും ആഴ്ചകളായി സ്ഥിതി ഗുരുതരമാണെന്നും പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയോട് പറഞ്ഞു. മണിപ്പൂരില നിലവിലെ സാഹചര്യം സംബന്ധിച്ച് പാര്‍ലമെന്റിനെ അടിയന്തരമായി അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടണമെന്ന് രാഷ്ട്രപതിക്ക് നല്‍കിയ കത്തില്‍ ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു.
മണിപ്പൂര്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ വിശദവും സമഗ്രവുമായ ചര്‍ച്ച ആവശ്യമാണ്. അസാധാരണമായ സാഹചര്യമാണ് മണിപ്പൂര്‍ നേരിടുന്നത്. രണ്ട് വനിതകളെ നഗ്‌നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ വിഷയം ഉടനടി പരിഹരിക്കുന്നതില്‍ സംസ്ഥാന ഭരണകൂടവും പോലീസും പരാജയപ്പെട്ടുവെന്നത് വ്യക്തമാണ്. പ്രതികളെ പിടികൂടാന്‍ മാസങ്ങള്‍ എടുത്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ നിരവധി കേസുകളില്‍ ഒന്ന് മാത്രമാണ് പ്രസ്തുത സംഭവമെന്നും എം.പിമാര്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കി.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ജനങ്ങള്‍ അഭിമുഖീകരിക്കുന്ന് ഉള്‍പ്പെടെ തങ്ങള്‍ നേരിട്ട് കണ്ട പ്രശ്‌നങ്ങള്‍ രാഷ്ട്രപതിയെ ബോധിപ്പിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം എം.പിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂര്‍ സന്ദര്‍ശിച്ച എം.പിമാര്‍ ഉള്‍പ്പെടുന്ന പ്രതിനിധി സംഘം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ രാഷ്ട്രപതിയെ അറിയിച്ചതായി  കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ  പറഞ്ഞു. മണിപ്പൂരിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് പാര്‍ലമെന്റിനെ അടിയന്തരമായി അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രിയോട് സമ്മര്‍ദ്ദം ചെലുത്തണമെന്ന് തങ്ങള്‍ രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചു. രാഷ്ട്രപതിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ഹരിയാനയിലെ നൂഹില്‍ നടക്കുന്ന വര്‍ഗീയ സംഘര്‍ഷം ഉന്നയിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് ആശങ്കയില്ലെന്ന് വ്യക്തമാക്കിയതായും ഖാര്‍ഗെ പറഞ്ഞു.

 

Latest News