Sorry, you need to enable JavaScript to visit this website.

വിൻസിക്കിത് സ്വപ്‌ന സാഫല്യം

വിൻസി അലോഷ്യസ്‌
വിൻസി അലോഷ്യസ്‌

ആദ്യമായി അവതരിപ്പിച്ച നായികാ വേഷത്തിനു ലഭിച്ച അംഗീകാരത്തിൽ ഏറെ സന്തുഷ്ടയാണ് വിൻസി അലോഷ്യസ്. നിരവധി വെല്ലുവിളികളെ മറികടന്നാണ് ഈ അഭിനേത്രി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര മത്സരത്തിൽ മികച്ച നടിക്കുള്ള അംഗീകാരം നേടിയെടുത്തിരിക്കുന്നത്. കുട്ടിക്കാലംതൊട്ടേ സിനിമാഭിനയം സ്വപ്‌നം കണ്ടുനടന്നിരുന്ന ഈ മലപ്പുറത്തുകാരി ഇന്ന് ഉയരങ്ങൾ കീഴടക്കുമ്പോൾ ഏറെ സന്തോഷിക്കുന്നത് ആ നാടു കൂടിയാണ്. ലോറി ഡ്രൈവറായ അലോഷ്യസിന്റെയും അധ്യാപികയായ സോണിയയുടെയും മകൾ മഞ്ജു വാര്യരെയും മീരാ ജാസ്മിനെയും പോലെയാകാൻ ആഗ്രഹിച്ചു. സാധാരണക്കാർക്ക് അപ്രാപ്യമായ മേഖലയാണ് സിനിമ എന്ന തിരിച്ചറിവുണ്ടായിട്ടും അതിനു വേണ്ടി അക്ഷീണം പ്രവർത്തിക്കാൻ തയാറായി. കഠിനാധ്വാനത്തിനും അർപ്പണ മനസ്സിനും ലഭിച്ച അംഗീകാരം കൂടിയാണിത്. അഭിനയ ജീവിതത്തിലെ അഞ്ചാം വർഷത്തിലാണ് ഈ അംഗീകാരം വിൻസിയെ തേടിയെത്തിയിരിക്കുന്നത്. തന്റെ സ്വപ്‌നയാത്രയെക്കുറിച്ച് സംസാരിക്കുകയാണ് വിൻസി.

?സംസ്ഥാന പുരസ്‌കാര നിറവിൽ എന്തു തോന്നുന്നു
ഇരട്ടിമധുരം എന്നു പറഞ്ഞാൽ പോരാ. കടുംമധുരം എന്നു തന്നെ പറയാം. ആഗ്രഹിച്ച അംഗീകാരമാണ് എന്നെ തേടിവന്നിരിക്കുന്നത്. ആദ്യ നായികാവേഷമായിരുന്നു രേഖയിലേത്. ഇതിനു മുമ്പ് ചെയ്തവയെല്ലാം ചെറിയ വേഷങ്ങളായിരുന്നു. എങ്കിലും ഓരോ കഥാപാത്രവും വ്യത്യസ്തമായിരുന്നു. സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിൽ നെഗറ്റീവ് വേഷത്തിലുമെത്തി. എങ്കിലും രേഖ കൂടുതൽ പ്രേക്ഷകരിലെത്തിയില്ല എന്ന തോന്നലുണ്ടായിരുന്നു. അവാർഡ് പ്രഖ്യാപനത്തോടെ രേഖയെക്കുറിച്ച് എല്ലാവരും അറിഞ്ഞുതുടങ്ങി. രേഖയെക്കുറിച്ച് കൂടുതൽ വാർത്തകൾ വന്നുതുടങ്ങി. ഏറെ സന്തോഷം. ഞാൻ തെരഞ്ഞെടുത്ത കരിയർ തെറ്റിയില്ല എന്ന തെളിയിക്കാൻ കഴിഞ്ഞു. സിനിമാഭിനയം എന്നു കേട്ടപ്പോൾ വീട്ടുകാർക്കുണ്ടായിരുന്ന ആശങ്കയും മാറി. അവരും നല്ല ആത്മവിശ്വാസത്തിലാണിപ്പോൾ.

?രേഖയുടെ പ്രമേയം
സ്ത്രീത്വത്തിന് പ്രാധാന്യം നൽകിയാണ് രേഖ ഒരുക്കിയിട്ടുള്ളത്. ടൈറ്റിൽ കഥാപാത്രമായാണ് ഞാനെത്തുന്നത്. രേഖയുടെ മനസ്സിൽ പ്രണയത്തിന്റെ പൂമൊട്ട് വിരിയുകയാണ്. മനസ്സ് മുഴുവൻ അർജുൻ എന്നയാളോടുള്ള പ്രണയം മാത്രമായി രേഖ ഒതുങ്ങുകയാണ്. ഒടുവിൽ വഞ്ചന തിരിച്ചറിയുമ്പോൾ രേഖയിലുണ്ടാവുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. എന്തും സഹിച്ച് കഴിയുന്നവളല്ല, തടസ്സങ്ങൾ നിർഭയത്തോടെ അഭിമുഖീകരിക്കുന്നവരാണ് ആധുനിക സ്ത്രീസമൂഹം എന്ന് അടിവരയിടുകയാണ് ഈ ചിത്രം. ആധുനിക സ്ത്രീസമൂഹത്തിന്റെ പ്രതീകമാണ് രേഖ. മറ്റു സ്ത്രീ കഥാപാത്രങ്ങൾ ദുർബലമാകുമ്പോൾ നിർഭയമായി മുന്നേറാൻ രേഖയ്ക്ക് കഴിയുന്നു. രേഖ എന്ന സ്ത്രീ കടന്നുപോകുന്ന മനോവികാരങ്ങൾ അവതരിപ്പിക്കാൻ ഏറെ പ്രയാസപ്പെടേണ്ടിവന്നിട്ടുണ്ട്. എങ്കിലും സംവിധായകൻ ജിതിൻ ഐസക് തോമസിന്റെയും അർജുനായി വേഷമിട്ട ഉണ്ണിലാലിന്റെയും സഹകരണം രേഖയെ അവതരിപ്പിക്കുന്നതിൽ ഏറെ സഹായകമായി. കാസർകോടൻ ശൈലിയിലുള്ള സംഭാഷണങ്ങൾ കഥയ്ക്ക് പുതുമ നൽകുന്നുണ്ട്. നല്ല അഭിപ്രായമുണ്ടായിരുന്നിട്ടും ഈ ചിത്രം എവിടെയൊക്കെയോ തഴയപ്പെടുന്നു എന്നു തോന്നിയിരുന്നു. എന്നാലിപ്പോൾ രേഖ എത്തേണ്ടിടത്ത് എത്തി. അതിന് കാരണക്കാരിയായതിൽ സന്തോഷമുണ്ട്.

?രേഖയിലെത്തിയത്
കനകം കാമിനി കലഹം, ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലെ അഭിനയം കണ്ടാണ് സംവിധായകൻ ജിതിൻ രേഖയിലേക്ക് ക്ഷണിച്ചത്. എനിക്കു മുമ്പ് മറ്റൊരാളെയായിരുന്നു രേഖയായി നിശ്ചയിച്ചിരുന്നത്. എന്നാൽ അവർ ഈ ചിത്രത്തോട് താൽപര്യം പ്രകടിപ്പിക്കാതിരുന്നതാണ് എനിക്ക് തുണയായത്. രേഖയുടെ കഥ കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. സമ്മതം മൂളി. എല്ലാവരുടെയും പിന്തുണയാണ് രേഖയെ അവതരിപ്പിക്കാനുള്ള ധൈര്യം പകർന്നു നൽകിയത്.

?ലാൽ ജോസിന്റെ അഭിനന്ദനം
എന്നിലെ അഭിനേത്രിയെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചത് ലാൽ ജോസ് സാറായിരുന്നു. റിയാലിറ്റി ഷോയായ നായികാ നായകൻ എന്ന ടാലന്റ് ഹണ്ടിൽ വിധികർത്താവായിരുന്നു അദ്ദേഹം. റണ്ണറപ്പായപ്പോൾ തന്നെ തന്റെ ചിത്രത്തിൽ അവസരം നൽകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വലിയ സന്തോഷത്തിലായിരുന്നു അദ്ദേഹം വിളിച്ചത്. യൂ മേഡ് മൈ ഡേ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിലും വലിയ അഭിനന്ദനം മറ്റെന്തുണ്ട്. ചാക്കോച്ചനൊപ്പം അവാർഡ് കിട്ടിയതിലും  ഏറെ സന്തോഷമുണ്ട്. രണ്ട് സിനിമകളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിരുന്നു.

?സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയോ
സിനിമയിൽ അഭിനയം തുടങ്ങിയതു മുതൽ എന്റേതായ സ്ഥാനം കണ്ടെത്തണം എന്ന ലക്ഷ്യമുണ്ടായിരുന്നു. അവതരിപ്പിച്ച ഓരോ കഥാപാത്രത്തിലും അത് പ്രതിഫലിപ്പിക്കാറുമുണ്ട്. വളരെയധികം ആസ്വദിച്ചാണ് ഒരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്. പരമാവധി നല്ല കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാനാണ് ശ്രമിക്കാറ്. വർഷത്തിൽ ഒരു സിനിമയിൽ മാത്രമേ അവസരം ലഭിക്കുന്നുള്ളൂവെങ്കിലും ആ സിനിമ പരമാവധി പ്രേക്ഷകരിലെത്തിക്കുകയാണ് ലക്ഷ്യം.

?ഭാവിജീവിതം
ഇതുവരെ ജീവിതത്തിൽ സംഭവിച്ചത് ഞാൻ ആഗ്രഹിക്കുന്ന തരത്തിലാണ്. ആഗ്രഹങ്ങൾ ഇനിയുമുണ്ട്. ഒരുപാട് അംഗീകാരങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. മാത്രമല്ല, നല്ല ചിത്രങ്ങളുടെ ഭാഗമാകണം. പ്രേക്ഷകർ എന്റെ ചിത്രങ്ങൾ കണ്ട് സംതൃപ്തരാകണം എന്നെല്ലാമാണ് ആഗ്രഹിക്കുന്നത്.

?വികൃതിയിൽനിന്നും ഇവിടെ വരെയെത്തിയപ്പോൾ ജീവിതത്തിൽ എന്തു പഠിച്ചു
ആരെയും, ഒന്നിനെയും പേടിക്കരുതെന്നാണ് ഞാൻ പഠിച്ച പാഠം. ഭയപ്പാടോടെ സമീപിച്ചാൽ ഏതു പ്രവൃത്തിയും നിലച്ചുപോകും. അതിരുകളില്ലാതെ സ്വപ്‌നം കാണുക. ലക്ഷ്യത്തിൽ എത്തിച്ചേരുവാനുള്ള ആത്മവിശ്വാസവും ദൃഢനിശ്ചയവും ഉണ്ടായിരിക്കുക. നിങ്ങളുടെ പാഷൻ എന്താണെന്ന് തിരിച്ചറിഞ്ഞ് ആ ലക്ഷ്യത്തിലേയ്ക്കുള്ള യാത്ര തുടരുക. ആരെങ്കിലും പിന്തിരിപ്പിക്കാൻ നോക്കിയാലും തളരരുത്. അഹങ്കാരമാണെന്ന് ചിലർക്ക് തോന്നിയേക്കാം. എങ്കിലും നിങ്ങളുടെ ആത്മവിശ്വാസമാണ് വലുത്. നിങ്ങളുടെ ആത്മവിശ്വാസം കാണുമ്പോൾ അവർക്കും ഒരു ദിവസം നിങ്ങളെ അംഗീകരിക്കേണ്ടിവരും.

?പുതിയ ചിത്രങ്ങൾ
പത്മിനിയാണ് ഒടുവിലായി പുറത്തിറങ്ങിയത്. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ചാക്കോച്ചന്റെ മൂന്നു നായികമാരിൽ ഒരാളായാണ് എത്തുന്നത്. മാത്രമല്ല, ബോളിവുഡിൽ സ്ഥാനം കണ്ടെത്തിയ വർഷം കൂടിയാണിത്. ദി ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലസ് ഹിന്ദിയിലും മലയാളത്തിലും ഫ്രഞ്ചിലും സ്പാനിഷിലുമായി പുറത്തിറങ്ങാനുണ്ട്. ഇതിൽ ഞാനാണ് കേന്ദ്ര കഥാപാത്രം. റാണി മരിയ എന്ന കന്യാസ്ത്രീയുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എട്ട് സംസ്ഥാനങ്ങളിൽനിന്നുള്ള തിയേറ്റർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. കൂടാതെ ഡോ. റോണി നായകനാകുന്ന ഒരു പഴഞ്ചൻ പ്രണയം, ഇന്ദ്രജിത്ത് നായകനാകുന്ന മാരിവില്ലിൻ ഗോപുരങ്ങൾ... തുടങ്ങിയ ചിത്രങ്ങളും പുറത്തിറങ്ങാനുണ്ട്.

 

Latest News