പട്ന- ഹരിയാനയിലെ ഗുരുഗ്രാം മസ്ജിദിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ നാഇബ് ഇമാമിന്റെ നാട്ടുകാർ നീതിക്കുവേണ്ടിയുള്ള നിലവിളിയുമായി രംഗത്ത്. വടക്കൻ ബീഹാറിലെ സിതാമർഹി ജില്ലയിലെ മണിയാദിഹ് എന്ന ഗ്രാമത്തിലെ 19 കാരൻ ഹാഫിസ് സാദ് ആണ് കൊല്ലപ്പെട്ടത്.
സാദ് ബാബു തന്റെ ജ്യേഷ്ഠൻ ഷദാബിനൊപ്പം ട്രെയിനിൽ മടങ്ങാൻ നിശ്ചയിച്ചിക്കെ ആയിരുന്നു ദാരുണ സംഭവം. സഹോദരൻ പള്ളിയിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറായില്ലെന്ന് പരാതിപ്പെടാൻ ഷദാബ് തങ്ങളെ വിളിച്ചിരുന്നുവെന്ന് കൊല്ലപ്പെട്ട നാഇബ് ഇമാമിന്റെ മാതൃസഹോദരൻ ഇബ്രാഹിം അക്തർ വാർത്താ ഏജൻസിയോട് പറഞ്ഞു. മസ്ജിദിലെ പ്രധാന ഇമാം സ്ഥലത്ത് ഇല്ലാത്തതായിരുന്നു കാരണം. വ്യാഴാഴ്ച മടങ്ങിയെത്തേണ്ട പ്രധാന ഇമാം മടങ്ങിവരുന്നതുവരെ പള്ളിയിൽ തന്നെയുണ്ടാകണമെന്ന് സാദ് തീരുമാനിച്ചതായിരുന്നുവെന്ന് ദുഃഖം കടിച്ചമർത്ത് അമ്മാവൻ പറഞ്ഞു.
ഗുരുഗ്രാമിൽ മറ്റൊരിടത്ത് താമസിച്ച് ട്യൂഷൻ നൽകിയിരുന്ന ജ്യേഷ്ഠൻ വർഗീയ കലാപം കണക്കിലെടുത്ത് സുരക്ഷിത സ്ഥലത്തേക്ക് മാറിയിരുന്നു. അനുജനും സുരക്ഷിത സ്ഥലത്തേക്ക് മാറുമെന്നാണ് കരുതിയതെങ്കിലും പള്ളിയിൽ നമസ്കാരത്തിന് നേതൃത്വം നൽകേണ്ടിയിരുന്നതിനാൽ മാറൻ തയാറായില്ല. മകനെ കൊല്ലാൻ നേരത്തെ തന്നെ അക്രമികൾ ഗുഢാലോചന നടത്തിയിരുന്നുവെന്നാണ് സാദിന്റെ പിതാവ് മുഷ്താഖ് സംശയിക്കുന്നത്. സൗമ്യനായ യുവാവ് വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് വാളുകൊണ്ട് ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം അറിഞ്ഞിരുന്നു.
എന്താണ് എന്റെ മകന്റെ തെറ്റ്? എന്തുകൊണ്ടാണ് ജനക്കൂട്ടം നാഇബ് ഇമാമിനെ ആക്രമിച്ചത്, എനിക്ക് നീതി വേണം. എനിക്ക് സർക്കാരിൽ നിന്ന് മറ്റൊന്നും ആവശ്യമില്ല- പിതാവ് പറഞ്ഞു. സാദിനെയും സഹോദരനെയും സ്റ്റേഷനിൽ സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ മുസാഫർപൂരിലേക്ക് പോകാനിരിക്കയയാരുന്നു. ഇപ്പോൾ, ഞങ്ങൾ ഇതാ, അവന്റെ മൃതദേഹം കൊണ്ടുവരുന്ന ആംബുലൻസിനായി കാത്തിരിക്കുന്നു- ദുഃഖിതനായ പിതാവ് പറഞ്ഞു.